പ്രക്ഷോഭം ആളിപ്പടരും; അണിചേർന്ന് ഗുജറാത്തിലെയും രാജസ്ഥാനിലെയും കർഷകർ
text_fieldsന്യൂഡൽഹി: കർഷകദ്രോഹപരമായ കാർഷിക നിയമങ്ങൾക്കെതിരെ തുടരുന്ന മഹാപ്രക്ഷോഭത്തിൽ അണിചേർന്ന് ഗുജറാത്തിലെയും രാജസ്ഥാനിലെയും കർഷകർ. ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഘുവിൽ തുടരുന്ന പ്രക്ഷോഭത്തിൽ കർഷകർ പങ്കെടുക്കുകയാണ്. അസം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും സമരത്തിൽ അണിചേരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിൽ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലുള്ള കർഷകരാണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്.
രാജസ്ഥാനിൽ നിന്നുള്ള 500 പേരടങ്ങിയ സംഘമാണ് ആദ്യഘട്ടത്തിൽ സിംഘുവിലെത്തിയത്. അസമിലെ കർഷകർ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം സമരം സംഘടിപ്പിച്ചിരുന്നു. ഇന്നത്തെ ചർച്ച വരെ കാത്തിരിക്കുമെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹി പ്രക്ഷോഭത്തിൽ അണിചേരുമെന്നുമാണ് അസമിലെ കർഷകർ പ്രഖ്യാപിച്ചത്.
നിലവിൽ രാജ്യതലസ്ഥാനത്തേക്കുള്ള നിരവധി പാതകൾ കർഷകർ ഉപരോധിക്കുകയാണ്. ഡൽഹി-നോയിഡ പാതയിൽ യു.പിയിൽ നിന്നുള്ള കർഷകരും പ്രക്ഷോഭത്തിലാണ്.
ഇന്ന് നടക്കുന്ന ചർച്ചയിൽ സ്വീകാര്യമായ തീരുമാനം ഉണ്ടായില്ലെങ്കിൽ കർഷക പ്രക്ഷോഭം രാജ്യവ്യാപകമാകാനാണ് സാധ്യത. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ചരക്കുവാഹനങ്ങൾ പണിമുടക്കുമെന്ന് ഉടമകളുടെ സംഘടന പ്രഖ്യാപിച്ചിരുന്നു.
കർഷകരും കേന്ദ്ര സർക്കാറും തമ്മിലുള്ള മൂന്നാംവട്ട ചർച്ച ഇന്ന് നടക്കും. കഴിഞ്ഞ രണ്ടുതവണയും ചർച്ച പരാജയപ്പെട്ടിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭത്തിൽ നിന്ന് പിറകോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.