പ്രവാസി വോട്ടിൽ ഗൾഫ് പുറത്ത്
text_fieldsന്യൂഡൽഹി: ഗൾഫ് ഇതര രാജ്യങ്ങളിലെ വിദേശ ഇന്ത്യക്കാർക്ക് തപാൽ വോട്ടിന് സൗകര്യമൊരുക്കാമെന്ന് വിദേശകാര്യ മന്ത്രാലയം. കേരളം അടക്കം മാസങ്ങൾക്കകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രവാസി വോട്ടർമാർക്ക് ഈ രീതിയിൽ വോട്ടിങ് ക്രമീകരണം ഒരുക്കിയേക്കും.
പ്രവാസി വോട്ടവകാശത്തിന് വേണ്ടി ഏറ്റവും കൂടുതൽ മുറവിളി ഉയർത്തിയത് ഗൾഫ് നാടുകളിലെ പ്രവാസികളാണ്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് സമ്പ്രദായം തുടങ്ങാനുള്ള സന്നദ്ധത തെരഞ്ഞെടുപ്പു കമീഷൻ നിയമ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ വിദേശകാര്യ മന്ത്രാലയവും തെരഞ്ഞെടുപ്പു കമീഷനും നടത്തിയ ചർച്ചയിലാണ് പുതിയ നിർദേശം.
ജനാധിപത്യം നിലനിൽക്കുന്ന ഗൾഫിതര രാജ്യങ്ങളിൽ ആദ്യഘട്ടത്തിൽ തപാൽ വോട്ട് പരീക്ഷിക്കാമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിെൻറ അഭിപ്രായം. ഈ സമീപനം തുടർന്നാൽ ഗൾഫിലെ പ്രവാസികൾക്ക് ഭാവിയിലും വോട്ടുചെയ്യാൻ കഴിഞ്ഞെന്നു വരില്ല. ആദ്യഘട്ടത്തിൽ കഴിയാത്ത സാഹചര്യം ഭാവിയിലും നിലനിൽക്കും.
യു.എസ്, കാനഡ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ജപ്പാൻ, ആസ്ട്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഇ-തപാൽ വോട്ട് നടപ്പാക്കാമെന്ന അഭിപ്രായമാണ് വിദേശകാര്യ മന്ത്രാലയം തെരഞ്ഞെടുപ്പു കമീഷനോട് പറഞ്ഞത്. നയതന്ത്ര കാര്യാലയങ്ങളിൽ ഇതിന് ക്രമീകരണം ഒരുക്കാമെങ്കിലും, നടത്തിപ്പിനു വേണ്ട ജീവനക്കാരെ തെരഞ്ഞെടുപ്പു കമീഷൻ നിയോഗിക്കണം.
ഇ-തപാൽ വോട്ട് സംബന്ധിച്ച നിർദേശം ഇങ്ങനെയാണ്: തെരഞ്ഞെടുപ്പു വിജ്ഞാപനം ഇറങ്ങി അഞ്ചു ദിവസത്തിനകം താൽപര്യമുള്ള പ്രവാസി ഇന്ത്യക്കാർ ബന്ധപ്പെട്ട മണ്ഡലത്തിലെ റിട്ടേണിങ് ഓഫിസറെ വിവരമറിയിക്കണം. അതനുസരിച്ച് ഇലക്ട്രോണിക് ബാലറ്റ് നയതന്ത്ര കാര്യാലയത്തിൽ ലഭ്യമാക്കും. അവിടെയെത്തുന്ന അപേക്ഷകന് ഉദ്യോഗസ്ഥർ ബാലറ്റ് പേപ്പർ ഡൗൺലോഡ് ചെയ്ത് നൽകും. വോട്ട് രേഖപ്പെടുത്തി, നിശ്ചിത ഫോറത്തിലുള്ള ഡിക്ലറേഷനിൽ ഒപ്പുവെച്ച് തിരിച്ചേൽപിക്കണം. അത് മുദ്രവെച്ച കവറിലാക്കി തെരഞ്ഞെടുപ്പ് ഓഫിസർക്ക് അയക്കും.
ഇ-തപാൽ വോട്ട്
ഇപ്പോൾ സൈനികർക്ക് മാത്രമാണ് ഈ സംവിധാനം. ഇലക്ട്രോണിക് സംവിധാനത്തിൽ കിട്ടുന്ന ബാലറ്റ് പേപ്പറിൽ വോട്ടു രേഖപ്പെടുത്തി തപാൽ മാർഗം തിരിച്ചയക്കുന്നതാണ് ഈ രീതി. ഇന്നത്തെ നിലക്ക് ഇ-തപാൽ വോട്ട് പദ്ധതി ചർച്ചകൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പു കമീഷൻ മുന്നോട്ടു നീക്കിയാൽ കേരളത്തിനു പുറമെ പശ്ചിമ ബംഗാൾ, അസം, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലെ ചെറിയൊരു പങ്ക് പ്രവാസികൾക്ക് മാത്രമാണ് വോട്ടുചെയ്യാൻ അവസരം കിട്ടുക.
പ്രവാസികൾക്ക് ഇ-തപാൽ വോട്ടിന് 1961ലെ തെരഞ്ഞെടുപ്പു നടത്തിപ്പു ചട്ടം മാത്രം ഭേദഗതി ചെയ്താൽ മതിയെന്നാണ് തെരഞ്ഞെടുപ്പു കമീഷൻ അറിയിച്ചിട്ടുള്ളത്.
വിദേശ ഇന്ത്യക്കാർക്ക് പ്രോക്സി വോട്ട് (മുക്ത്യാർ വോട്ട്) സൗകര്യം ഏർപ്പെടുത്തുന്നതിന് സർക്കാർ ബിൽ കൊണ്ടുവന്നെങ്കിലും അത് കഴിഞ്ഞ ലോക്സഭയുടെ കാലാവധി തീർന്നതോടെ ലാപ്സായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.