ഗുണ്ടൽപേട്ടിൽ ക്വാറി അപകടം; പത്തോളം പേർ മരിച്ചതായി സംശയം VIDEO
text_fieldsബംഗളൂരു: ചാമരാജ് നഗർ ജില്ലയിലെ ഗുണ്ടൽപേട്ടിൽ ക്വാറിയിൽ മണ്ണും കൂറ്റൻ പാറക്കല്ലുകളും ഇടിഞ്ഞുണ്ടായ അപകടത്തിൽ പത്തോളം പേർ മരിച്ചതായി സംശയം. മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികൾക്കായി രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്.
കോഴിക്കോട് റോഡിന് സമീപം ബിലിക്കല്ല് ക്വാറി മേഖലയിലെ മാദഹള്ളി കുന്നിൽ വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് അപകടം. എട്ടോളം തൊഴിലാളികളെ പരിക്കുകളോടെ ചാമരാജ് നഗർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയ പാറക്കഷണങ്ങൾ വീണ് നാല് ടിപ്പർ ലോറിയും ട്രാക്ടറും അടക്കമുള്ള വാഹനങ്ങൾ മറിഞ്ഞു. മാദഹള്ളി ബൊമ്മലപുര സ്വദേശി മഹേന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്വാറി വയനാട് സുൽത്താൻ ബത്തേരി മുത്തങ്ങ സ്വദേശി ഹക്കീം മൂന്നു കൊല്ലമായി പാട്ടത്തിനെടുത്ത് നടത്തുകയായിരുന്നു. അപകട സമയത്ത് ക്വാറിയിൽ 15 മുതൽ 20 വരെ തൊഴിലാളികളുണ്ടായിരുന്നെന്നാണ് വിവരം.
പൊലീസ്, റവന്യൂ, അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് കുതിച്ചെത്തി നാട്ടുകാരുടെ സഹായത്തോടെ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാൻ ശ്രമം തുടങ്ങിയെങ്കിലും രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായി. തുടർന്ന് രാത്രിയോടെ ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. പ്രദേശത്തെ മറ്റു ക്വാറികളുടെ പ്രവർത്തനം രണ്ടു മാസത്തേക്ക് സസ്പെൻഡ് ചെയ്ത് ഡെപ്യൂട്ടി കമീഷണർ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.