കശ്മീരിന് സംസ്ഥാനപദവി തിരിച്ചുനൽകണമെന്ന് ഗുപ്കർ സഖ്യം
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിന് 2019 ആഗസ്റ്റ് അഞ്ചിന് മുമ്പുള്ളതുപോലെ സംസ്ഥാനപദവി തിരിച്ചുനൽകണമെന്ന് ഗുപ്കർ സഖ്യം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചുള്ള പോരാട്ടം തുടരും. നാഷനൽ കോൺഫറൻസ് പാർട്ടി പ്രസിഡൻറും സഖ്യത്തിെൻറ ചെയർമാനുമായ ഫാറൂഖ് അബ്ദുല്ലയുടെ വീട്ടിലാണ് യോഗം നടന്നത്.
ഭരണഘടന നൽകുന്ന അവകാശമാണ് സംസ്ഥാനപദവിയെന്ന് സഖ്യത്തിെൻറ വക്താവും സി.പി.എം നേതാവുമായ യൂസുഫ് തരിഗാമി പറഞ്ഞു. സംസ്ഥാനപദവി തിരിച്ചുനൽകുക എന്നതല്ലാെത മറ്റൊരു ആവശ്യവും ഉന്നയിക്കുന്നില്ല. ഫാറൂഖ് അബ്ദുല്ല, പി.ഡി.പി. പ്രസിഡൻറ് മെഹ്ബൂബ മുഫ്തി എന്നിവരെ ദേശദ്രോഹികൾ എന്ന് വിളിക്കുന്ന ഭരണകക്ഷി നിലപാടിനെ തരിഗാമി അപലപിച്ചു. എന്നാൽ ഈ ആവശ്യമുന്നയിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഇല്ലായ്മ ചെയ്യാനും അവരുടെ ശബ്ദം ഉയരാതിരിക്കാനും ഇതുകൊണ്ട് സാധിക്കില്ല. ജമ്മു-കശ്മീരിലെ നിശ്ശബ്ദത കാണിച്ച് അവിടെ കാര്യങ്ങൾ സാധാരണ നിലയിലാണ് എന്ന് വ്യാഖ്യാനിക്കുകയാണ്. ശ്മശാനം പോലെ കശ്മീർ, ജമ്മു, ലഡാക്ക് എന്നിവ നിശ്ശബ്ദമായിരിക്കണമെന്ന് അവർ ചിന്തിക്കുന്നു. ആരെങ്കിലും തല ഉയർത്തിപ്പിടിച്ച് തങ്ങളുടെ ശബ്ദം ഉയർത്തുന്നത് കേന്ദ്രസർക്കാർ ഇഷ്ടപ്പെടുന്നില്ലെന്നും തരിഗാമി പറഞ്ഞു.
ജമ്മു-കശ്മീരിന് സംസ്ഥാനപദവി തിരിച്ചുനൽകണമെന്ന പ്രമേയം ചൊവ്വാഴ്ച നടന്ന യോഗം ഐകകണ്ഠ്യേന പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡിെൻറ പേരിൽ യോഗത്തിന് അധികൃതർ അനുമതി നിഷേധിച്ചിരുന്നു. ഒരു ചെറിയ യോഗത്തെ പോലും സർക്കാർ ഭയപ്പെടുന്നു എന്നാണിത് കാണിക്കുന്നതെന്നും തരിഗാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.