'രാഷ്ട്രീയത്തിൽ 100 ശതമാനം തൃപ്തികരമായ ഒന്നുമില്ല, കശ്മീരിൽ സമാധാനമുള്ള അന്തരീക്ഷമാണ് വേണ്ടത്' -കോൺഗ്രസ്
text_fieldsശ്രീനഗർ: കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ രൂപവത്കരിച്ച പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കാർ ഡിക്ലറേഷനിൽ(പി.എ.ജി.ഡി) കോൺഗ്രസും ചേർന്നു. ശ്രീനഗറിലെ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ വസതിയിൽ ചേർന്ന ഗുപ്കാർ യോഗത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.
ഗുപ്കാർ സഖ്യവുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കാശ്മീരിനെ വികലമാക്കി നശിപ്പിക്കാൻ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തുമെന്നും ജമ്മു കശ്മീർ കോൺഗ്രസ് മേധാവി ഗുലാം അഹ്മദ് മിർ പറഞ്ഞു.
'ഇന്ന് ഫാറൂഖ് സാബ് (ഫാറൂഖ് അബ്ദുല്ല) സീറ്റ് പങ്കിടലിന് അന്തിമ രൂപം നൽകാൻ യോഗം വിളിച്ചു, വലിയതോതിൽ ഞങ്ങൾ സംതൃപ്തരാണ്. രാഷ്ട്രീയത്തിൽ 100 ശതമാനം തൃപ്തികരമായ ഒന്നുമില്ല, ഇവിടെ സമാധാനപരമായ അന്തരീക്ഷമാണ് വേണ്ടത്, സഖ്യത്തിലെ എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാണ്' -മിർ പറഞ്ഞു.
നവംബർ 28 നും ഡിസംബർ 19 നും ഇടയിൽ എട്ട് ഘട്ടങ്ങളിലായി ജമ്മു കശ്മീരിൽ ഡി.ഡി.സി തിരഞ്ഞെടുപ്പ് നടക്കും, വോട്ടെണ്ണൽ ഡിസംബർ 22 ന് നടക്കും. നാഷണൽ കോൺഗ്രസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള നേതൃത്വം നൽകുന്ന ഗുപ്കാർസഖ്യത്തിന്റെ വൈസ് ചെയർമാൻ മെഹ്ബൂബയാണ്. സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയാണ് കൺവീനർ.
ജമ്മു കശ്മീരിന്‍റെ പഴയ കൊടിയാണ് സഖ്യത്തിന്‍റെ ചിഹ്നമായി തെരഞ്ഞെടുത്തിരിക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ഗുപ്കാര്‍ കൂട്ടായ്മ രൂപീകരിച്ചത്. ഈ വര്‍ഷം ആഗസ്റ്റ് 22 നായിരുന്നു രൂപവത്കരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.