ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം; ഗുഡ്ഗാവിൽ നമസ്കാര സ്ഥലങ്ങൾക്കുള്ള അനുമതി പിൻവലിച്ചു
text_fieldsന്യൂഡൽഹി: ഹൈന്ദവസംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ഗുഡ്ഗാവിൽ നമസ്കാര സ്ഥലങ്ങൾക്കുള്ള അനുമതി ജില്ലാ ഭരണകൂടം പിൻവലിച്ചു. െവള്ളിയാഴ്ച പ്രാർഥനക്കായി അനുമതിയുള്ള 37 സ്ഥലങ്ങളിൽ എട്ടെണ്ണത്തിന്റെ അനുമതിയാണ് പിൻവലിച്ചത്.
ഹിന്ദുത്വസംഘടനകളുടെ നേതൃത്വത്തിൽ നമസ്കാര സ്ഥലങ്ങൾക്ക് മുന്നിൽ പ്രതിഷേധം നടന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. നമസ്കാരം പള്ളിയിലോ ഈദ് ഗാഹിലോ സ്വകാര്യ സ്ഥലത്തോ നടത്താമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വെള്ളിയാഴ്ച നമസ്കാരം നടക്കുന്ന മറ്റിടങ്ങളിലും പ്രതിഷേധമുണ്ടായാൽ അനുമതി പിൻവിലക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജുമുഅ നമസ്കാരം തടസ്സപ്പെടുത്താൻ ശ്രമിച്ച 30 പേരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. വിവിധ ഹൈന്ദവ സംഘടനകളിൽപ്പെട്ടവരാണ് ജുമുഅ നമസ്കാരം തടസ്സപ്പെടുത്താൻ രംഗത്തെത്തിയത്. ഗുരുഗ്രാമിലെ പൊതു സ്ഥലത്ത് നമസ്കരിക്കുന്നത് ചോദ്യം ചെയ്താണ് ഹൈന്ദവ സംഘടനകൾ എത്തിയത്.
ഗുരുഗ്രാമിലെ 37 പൊതു ഇടങ്ങളിൽ വെള്ളിയാഴ്ച നമസ്കാരത്തിനുള്ള സൗകര്യം 2018ൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരുന്നു. അന്ന് മുതൽ നമസ്കാരം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത് പതിവായതിനാൽ സെക്ടർ 12ൽ നമസ്കാരം നടക്കുന്നിടത്ത് വൻ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, 'ജയ് ശ്രീറാം ', 'ദാരത് മാതാ കീ ജയ് ' മുദ്രാവാക്യങ്ങൾ വിളിച്ച് ഹൈന്ദവ സംഘടന പ്രവർത്തകർ തടിച്ചു കൂടി. തുടർന്നാണ് 30 പേരെ കരുതൽ തടവിലാക്കിയത്.
"രണ്ട് വർഷത്തിലേറെയായി ഗുരുഗ്രാമിലെ നിർദിഷ്ട ഇടങ്ങളിൽ മുസ്‌ലിമുകൾ ജുമുഅ നമസ്കരിക്കുന്നുണ്ട്. അന്നു മുതൽ ഇത് തടയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ക്രമസമാധാന നില തകർക്കരുതെന്ന് പലവട്ടം ഹൈന്ദവ സംഘടനകളോട് ആവശ്യപ്പെട്ടതാണ്. തുടരെ തുടരെ മുന്നറിയിപ്പ് നൽകിയിട്ടും ആവർത്തിച്ചതോടെയാണ് മുൻകരുതൽ നടപടി എന്ന നിലയിൽ ചിലരെ 'കരുതൽ തടവിലാക്കിയത് " - ഗുരുഗ്രാം സബ് ഡിവിഷനൽ മജിസ്ട്രേറ്റ് അങ്കിത ചൗധരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.