റിപ്പബ്ലിക് ദിന പരേഡിൽ ഗുരുവും കേരളവും പുറത്ത്
text_fieldsന്യൂഡൽഹി: റിപ്പബ്ലിക്ദിന പരേഡിൽ കേരളത്തിെൻറ നിശ്ചല ദൃശ്യം കേന്ദ്രം വെട്ടി. ടൂറിസം പ്രമേയമാക്കി സംസ്ഥാനം നൽകിയ മാതൃകയിൽ കേന്ദ്രം നിർദേശിക്കപ്പെട്ട മാറ്റം അംഗീകരിക്കാത്തതാണ് കാരണമെന്നാണ് സൂചന. നിശ്ചല ദൃശ്യത്തിൽ ആദിശങ്കരെൻറ ശിൽപം വെക്കണമെന്ന അഭിപ്രായം പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ ജൂറി പ്രകടിപ്പിച്ചിരുന്നു. പകരം സംസ്ഥാനം നിർദേശിച്ചത് ശ്രീനാരായണ ഗുരുവിെൻറ ശിൽപമാണ്. ഇത് ജൂറി അംഗീകരിച്ച് മതിപ്പ് പ്രകടിപ്പിച്ചെങ്കിലും സാംസ്കാരിക മന്ത്രാലയത്തിെൻറ അന്തിമാനുമതി കിട്ടിയില്ല.
ഇക്കൊല്ലത്തെ പരേഡിൽ നിശ്ചലദൃശ്യം അവതരിപ്പിക്കുന്ന 11 സംസ്ഥാനങ്ങളിൽ എട്ടും ബി.ജെ.പി ഭരിക്കുന്നവയാണ്. നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്ന യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകൾക്ക് അനുമതി കിട്ടി. മഹാരാഷ്ട്രയുടേതും കേന്ദ്ര ഭരണ പ്രദേശമായ ജമ്മു- കശ്മീരിന്റേതുമാണ് മറ്റു രണ്ടു ഫ്ലോട്ടുകൾ. സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷിക വേളയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ അതുമായി ബന്ധപ്പെട്ട പ്രമേയം വേണമെന്ന നിബന്ധന കേന്ദ്രം മുന്നോട്ടുവെച്ചിരുന്നു. അതനുസരിച്ചാണ് കേരളം നിശ്ചല ദൃശ്യം രൂപകൽപന ചെയ്തത്. ചടയമംഗലത്തെ ജടായുപ്പാറയുടെ ദൃശ്യമാതൃകക്കൊപ്പം പ്രധാന കവാടത്തിൽ കേരളം വെച്ച സ്ത്രീ ശാക്തീകരണ ചിഹ്നങ്ങൾ മാറ്റി ശങ്കരാചാര്യരുടെ ശിൽപം വെക്കുന്നത് നന്നാവുമെന്ന കാഴ്ചപ്പാടാണ് ജൂറി പ്രകടിപ്പിച്ചത്. എന്നാൽ, മതേതര കേരളമെന്ന നിലയിൽ അതിനുപകരം നാരായണ ഗുരുവിെൻറ ശിൽപം വെക്കാമെന്ന് സംസ്ഥാനം അറിയിച്ചു. അത് ജൂറി സ്വാഗതം ചെയ്തിരുന്നു. അതനുസരിച്ച് നൽകിയ സ്കെച്ച് അംഗീകരിച്ചു. സംഗീതം ചിട്ടപ്പെടുത്താൻ അനുവദിച്ചു. ഒടുവിൽ അന്തിമ പട്ടികയിൽ കേരളം ഔട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണമില്ല. റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചല ദൃശ്യത്തിന് അഞ്ചു വട്ടം മെഡൽ നേടിയ സംസ്ഥാനമാണ് കേരളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.