ഗുരുദ്വാര സന്ദർശനം: ഇന്ത്യൻ ഹൈകമീഷണറെ പാകിസ്താൻ തടഞ്ഞു
text_fieldsന്യൂഡൽഹി: ജന്മദിനത്തിൽ ഇസ്ലാമാബാദിന് സമീപത്തെ ഗുരുദ്വാര സന്ദർശിക്കാനെത്തിയ ഇന്ത്യൻ ഹൈകമീഷണർ അജയ് ബിസാരിയയെ പാകിസ്താൻ തടഞ്ഞു. പാക് വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതിയോടെയാണ് വെള്ളിയാഴ്ച അദ്ദേഹവും ഭാര്യയും പഞ്ച് സാഹിബ് ഗുരുദ്വാരയിൽ പ്രാർഥിക്കാനെത്തിയത്. എന്നാൽ, വാഹനത്തിൽനിന്ന് പുറത്തിറങ്ങാൻ അധികൃതർ അനുവദിച്ചില്ല. ഈ വർഷം സമാനമായ രണ്ടാമത്തെ സംഭവമാണിത്.
ഇവാക്യു ട്രസ്റ്റ് പ്രോപർട്ടി ബോർഡ് അധ്യക്ഷെൻറ ക്ഷണം സ്വീകരിച്ച് ഇക്കഴിഞ്ഞ ഏപ്രിലിൽ ഗുരുദ്വാരയിലെത്തിയപ്പോഴും സുരക്ഷ ആശങ്കകൾ ചൂണ്ടിക്കാട്ടി അധികൃതർ തടഞ്ഞിരുന്നു. സിഖ് തീർഥാടകരുമായി കൂടിക്കാഴ്ചക്കെത്തിയ കോൺസുലർ സംഘത്തെയും അന്ന് പാക് അധികൃതർ തടഞ്ഞു. തുടർന്ന് ഇന്ത്യ പാകിസ്താനെ ശക്തമായ പ്രതിഷേധം അറിയിച്ചു.
ഇസ്ലാമാബാദിലെ ഇന്ത്യൻ മിഷനിലെ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നത് തുടരുന്നതായി ആരോപിച്ച ഇന്ത്യ അവർക്ക് സുരക്ഷ ഒരുക്കാൻ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ന്യൂഡൽഹിയിലെ പാക് ഡെപ്യൂട്ടി ഹൈകമീഷണർ സെയ്ദ് ഹൈദർ ഷായെ ഇന്ത്യ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധമറിയിച്ചു. 1961ലെ വിയന കരാറിനും 1974ലെ ഉഭയകക്ഷി കരാറുകളുടെയും ലംഘനമാണിതെന്ന് ഇന്ത്യ പാകിസ്താനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.