ഗുരുഗ്രാമിൽ ഉത്സവത്തിനിടെ വ്യാജ ശീതളപാനീയം കുടിച്ച 28 പേർ ആശുപത്രിയിൽ
text_fieldsഗുരുഗ്രാം: ഗുരുഗ്രാമിൽ ബുദ്ദോ മാതാ ക്ഷേത്രോത്സവത്തിനിടെ വ്യാജ ശീതളപാനീയം കുടിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 28 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്രാഥമിക ചികിത്സകൾ നൽകിയതിന് ശേഷം ഇവരെല്ലാം അപകട നില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
സംഭവത്തിൽ ഡൽഹി സ്വദേശിയായ സുശീൽ എന്നയാൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി കുടുംബാംഗങ്ങൾക്കൊപ്പം ബുദ്ധോ മാതാ ക്ഷേത്രം സന്ദർശിച്ചതായി ഇയാൾ പൊലീസിനോട് പറഞ്ഞു. ഉത്സവത്തിനിടെ 30 വയസുള്ള ഒരാൾ വന്ന് കുടുംബാംഗങ്ങൾക്ക് സൗജന്യമായി ശീതളപാനീയം നൽകി. അരമണിക്കൂറിനുശേഷം ഇവരുടെ അവസ്ഥ വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സുശീൽ പൊലീസിനോട് പറഞ്ഞു.
ഭക്തർക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ക്ഷേത്ര സംഘാടകർ സ്വീകരിച്ചില്ലെന്നും പരാതിക്കാരൻ ആരോപിച്ചു. പരിസരത്തൊന്നും സി.സി.ടി.വി ക്യാമറകൾ പോലും സ്ഥാപിച്ചിരുന്നില്ല.
ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്കെല്ലാം മയക്കവും ഛർദ്ദിയും അനുഭവപ്പെട്ടതായി ഇവരെ പരിശോധിച്ച ഡോക്ടർമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാതിയെത്തുടർന്ന് ഫറൂഖ്നഗർ പൊലീസ് അജ്ഞാതനായ ഒരാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കാരണമെന്തെന്നറിയാൻ അന്വേഷണം തുടരുകയാണ്. ഉത്സവത്തിനിടെ കൊള്ളയടിക്കപ്പെട്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ശീതളപാനീയത്തിന്‍റെ സാമ്പിൾ പരിശോധനക്കയക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.