സംഘ്പരിവാർ സംഘടനകളുടെ ഭീഷണി; ഗുരുഗ്രാമിൽ എട്ടിടങ്ങളിൽ ജുമുഅ നമസ്കാരത്തിന് അനുമതി പിൻവലിച്ചു
text_fieldsന്യൂഡൽഹി: സംഘ്പരിവാർ സംഘടനകളുടെ ഭീഷണിയെ തുടർന്ന് ഹരിയാനയിലെ ഗുരുഗ്രാമിൽ എട്ടിടങ്ങളിൽ ജുമുഅ നമസ്കാര സ്ഥലങ്ങൾക്ക് ജില്ലാ ഭരണകൂടം അനുമതി പിൻവലിച്ചു. ബജ്റംഗ്ദൾ ഉൾപ്പെടെ സംഘടനകൾ കഴിഞ്ഞ രണ്ടു മാസമായി ഗുരുഗ്രാമിലെ പലയിടങ്ങളിലും നമസ്കാരം തടസ്സപ്പെടുത്തുന്നത് തുടരുന്നതിനിടെയാണ് നടപടി.
ജയ്ശ്രീരാം മുദ്രാവാക്യം വിളിച്ചും ഉച്ചഭാഷിണിയിൽ ഭജനചൊല്ലിയും ജുമുഅ പ്രാർഥന അലങ്കോലപ്പെടുത്തുന്നത് സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു. പൊലീസ് കാവലിലാണ് കഴിഞ്ഞ വെള്ളിയാഴ്ച പലയിടങ്ങളിലും നമസ്കാരം നടന്നത്. പ്രതിഷേധമുണ്ടായാൽ മറ്റിടങ്ങളിലും അനുമതി പിൻവലിക്കുമെന്ന് ഭരണകൂടം അറിയിച്ചു.
2018ലാണ് ഗുരുഗ്രാമിലെ 37 സ്ഥലങ്ങളിൽ ജില്ലാ ഭരണകൂടം വെള്ളിയാഴ്ച നമസ്കാരത്തിന് അനുമതി നൽകിയത്. നോയിഡ സെക്ടർ 47ലെ പ്രദേശവാസികളാണ് ആദ്യം പ്രതിഷേധവുമായി രംഗത്തുവന്നത്. പിന്നീട് ഇത് ഹിന്ദുത്വ സംഘടനകൾ ഏറ്റെടുത്തു. തുടർന്ന് പ്രദേശവാസികളുമായി ചർച്ച നടത്തി സെക്ടർ 12ലേക്ക് നമസ്കാരം മാറ്റിയെങ്കിലും എതിർപ്പ് തുടർന്നു. നിയമവിരുദ്ധമായാണ് നമസ്കാരം നടക്കുന്നതെന്നും പുറത്തുനിന്നുള്ളവരാണ് പ്രാർഥനക്ക് എത്തുന്നതെന്നും ആരോപിച്ചാണ് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.