ഹരിയാന സംഘർഷം: യു.പിയിലും ഡൽഹിയിലും ജാഗ്രത നിർദേശം
text_fieldsന്യൂഡൽഹി: ഹരിയാനയിൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യു.പിയിലും ഡൽഹിയിലും ജാഗ്രത മുന്നറിയിപ്പ്. സംഘർഷമുണ്ടായ നൂഹുമായി അതിർത്തി പങ്കിടുന്ന മഥുരയിലെ കോശി കാല, ബാർസന നഗരങ്ങളിലാണ് യു.പിയിൽ പ്രധാനമായും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇതിന് പുറമേ സംസ്ഥാനത്തെ 11ഓളം ജില്ലകൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇതിൽ ഹരിയാനയുമായി അതിർത്തി പങ്കിടുന്ന ജില്ലകളും ഉൾപ്പെടും. സഹാരൻപൂർ, ഷാമിൽ, ബാഗപാട്ട്, ഗൗതം ബുദ്ധ നഗർ, അലിഗഢ്, മഥുര, ആഗ്ര, ഫിറോസബാദ്, മീററ്റ്, ഹാപുർ, മുസഫർനഗർ തുടങ്ങിയ ജില്ലകൾക്കാണ് പ്രധാനമായും മുന്നറിയിപ്പ്.
ഇതിൽ മഥുരയും അലിഗഢുമാണ് പ്രശ്നബാധിതമായ പ്രദേശമെന്ന് എ.ഡി.ജി രാജീവ് കൃഷ്ണ പറഞ്ഞു. ഹരിയാന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഹരിയാനയുമായി അതിർത്തി പങ്കിടുന്ന ഡൽഹിയിലെ പ്രദേശങ്ങൾക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.
ഹരിയാനയിലെ മേവാത്ത് മേഖലയിലെ നൂഹ്, സോഹ്ന ജില്ലകളിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായിയിരുന്നു. തിങ്കളാഴ്ച രാത്രി ഗുരുഗ്രാമിൽ പള്ളി ആക്രമിച്ച് തീയിട്ട ജനക്കൂട്ടം ഇമാമിനെ കൊലപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ബാദ്ഷാപൂരിൽ കടകൾ തീയിട്ട് നശിപ്പിച്ചു. ‘ജയ് ശ്രീറാം’ വിളിച്ചെത്തിയവർ കടകൾക്ക് തീയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നൂഹ് ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് സംഘർഷത്തിൽ കലാശിച്ചത്. നൂഹിലെ ഖെഡ്ല മോഡിലെത്തിയപ്പോൾ ഒരു സംഘം യാത്ര തടഞ്ഞ് കല്ലേറ് നടത്തിയതായും തിരിച്ചും കല്ലേറുണ്ടായതായും പറയുന്നു. ഇത് സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു. സംഘർഷം ആസൂത്രിതമാണെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.