'മീഡിയ മാനിയ'; ഗവർണറെ വിമർശിച്ച് തമിഴ്നാട് നിയമമന്ത്രി
text_fieldsചെന്നൈ: ഗവർണർ ആർ.എൻ. രവിക്ക് മീഡിയ മാനിയ ആണെന്ന് തമിഴ്നാട് നിയമമന്ത്രി എസ്. രഘുപതി. മാധ്യമങ്ങളിൽ കൂടുതൽ ഇടംനേടുന്നതിന് തമിഴ്‌നാട്, തെലങ്കാന, കേരള ഗവർണർമാർക്കിടയിൽ പരോക്ഷ മത്സരം നടക്കുന്നതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നാഗപട്ടണം ജില്ലയിൽ പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കിയതിൽ ഭരണപരമായ അനാസ്ഥയും അഴിമതിയും ആരോപിച്ച ആർ.എൻ. രവിയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, എന്തിനാണ് ഗവർണർ ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് വ്യക്തത വേണമെങ്കിൽ സർക്കാരുമായി ബന്ധപ്പെടാമായിരുന്നെന്നും മന്ത്രി പറഞ്ഞു.
ഗവർണറായിരുന്നുകൊണ്ട് രാഷ്ട്രീയം കളിക്കുന്നതിനുപകരം ബി.ജെ.പി നേതൃത്വം അനുവദിച്ചാൽ രാഷ്ട്രീയത്തിൽ ചേരുന്നതാവും അദ്ദേഹത്തിനും തമിഴ്‌നാട്ടിലെ ജനങ്ങൾക്കും നല്ലതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഗവർണർ ചെയ്യുന്നതെല്ലാം ഭരണഘടനാപരമായ ചുമതലക്ക് പുറത്തുള്ളതാണ്. കുടുംബത്തിന്‍റെ ആവശ്യത്തിനായി നിരന്തരം ഡൽഹിൽ പോകുന്ന അദ്ദേഹം തമിഴ്നാട്ടിലെ ജനങ്ങൾക്കായി ഡൽഹി സന്ദർശിച്ചിട്ടുണ്ടോ. ഗവർണർ സംസ്ഥാനത്തിന് നല്ലതൊന്നും ചെയ്യുന്നില്ലെന്നും സംസ്ഥാനത്തിന്‍റെ വളർച്ചക്ക് തടസംനിൽക്കുകയാണെന്നും മന്ത്രി എസ്. രഘുപതി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.