'കേന്ദ്രത്തിന്റെ വിശ്വസ്തൻ'; മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേറ്റ് ഗ്യാനേഷ് കുമാർ
text_fieldsഗ്യാനേഷ് കുമാർ
ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ നിർണായക ദൗത്യങ്ങളുടെ ചുമതലക്കാരനായിരുന്ന ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേറ്റു. രാജീവ് കുമാറിന്റെ പിൻഗാമിയായി 26ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായാണ് അദ്ദേഹം അധികാരമേൽക്കുന്നത്. 18 വയസ്സ് പൂർത്തിയായ എല്ലാവരും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി സ്ഥാനമേറ്റ ശേഷം അദ്ദേഹം പറഞ്ഞു.
2023ലെ നിയമമനുസരിച്ച് രൂപവത്കരിച്ച സെലക്ഷൻ സമിതി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും (സി.ഇ.സി) തെരഞ്ഞെടുപ്പ് കമീഷണർമാരെയും നിയമിച്ചതിനെതിരായ ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഗ്യാനേഷ് കുമാർ ചുമതലയേറ്റത്.
ആഭ്യന്തര മന്ത്രാലയത്തിൽ സേവനമനുഷ്ഠിക്കവെ ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിലും അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള രാമക്ഷേത്ര ട്രസ്റ്റിന്റെ രൂപവത്കരണത്തിലും ഗ്യാനേഷ് കുമാർ നിർണായക പങ്കുവഹിച്ചിരുന്നു.
കഴിഞ്ഞ വർഷം ജനുവരി 31ന് സഹകരണ മന്ത്രാലയത്തിൽ സെക്രട്ടറിയായി വിരമിച്ച ഗ്യാനേഷ് കുമാർ മാർച്ചിലാണ് തെരഞ്ഞെടുപ്പ് കമീഷണറായി നിയമിതനായത്. കമീഷണറായ സുഖ്ബീർ സിങ്ങും ഇതേ ദിവസമാണ് നിയമിതനായത്. തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കുന്നതിനുള്ള പുതിയ നിയമം നിലവിൽ വന്നശേഷം ആദ്യമായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിതനാകുന്ന വ്യക്തിയാണ് ഗ്യാനേഷ് കുമാർ. 2029 ജനുവരി 26 വരെയാണ് ഗ്യാനേഷ് കുമാറിന്റെ കാലാവധി.
1988 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫിസറായ ഗ്യാനേഷ് കുമാർ ഐ.ഐ.ടി കാൺപൂരിൽനിന്നാണ് സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് നേടിയത്. എറണാകുളം അസി. കലക്ടർ, അടൂർ സബ് കലക്ടർ, പട്ടികജാതി, പട്ടിക വർഗങ്ങൾക്കുവേണ്ടിയുള്ള കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ, കൊച്ചിൻ കോർപറേഷൻ കമീഷണർ എന്നീ പദവികളും വഹിച്ചു.
കേരള സർക്കാറിൽ സെക്രട്ടറിയെന്ന നിലയിൽ വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചശേഷമാണ് കേന്ദ്രത്തിലേക്ക് മാറിയത്. പ്രതിരോധ മന്ത്രാലയത്തിൽ ജോ. സെക്രട്ടറി, ആഭ്യന്തര മന്ത്രാലയത്തിൽ ജോ. സെക്രട്ടറി, അഡീഷനൽ സെക്രട്ടറി, പാർലമെന്ററികാര്യ മന്ത്രാലയം, സഹകരണ മന്ത്രാലയം എന്നിവയിൽ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.