ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറാകും; കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ; രാഹുലിന്റെ ആവശ്യം തള്ളി
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ ഇഷ്ടഭാജനമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിലെത്തിയ 1988ലെ കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറാകും. ഇതോടെ ഒഴിവുവരുന്ന തെരഞ്ഞെടുപ്പ് കമീഷണറുടെ ഒരു പദവിയിലേക്ക് മറ്റൊരാളെ കണ്ടെത്തേണ്ടിവരും.
അമിത് ഷാക്ക് കീഴിൽ ആഭ്യന്തര മന്ത്രാലയത്തിൽ കശ്മീർ ഡിവിഷൻ ചുമതലയുള്ള ജോയന്റ് സെക്രട്ടറിയായിരിക്കെ ഗ്യാനേഷ് കുമാർ ജമ്മു- കശ്മീരിന് പ്രത്യേക അവകാശം അനുവദിച്ച ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിൽ നിർണായക പങ്കുവഹിച്ച ഐ.എ.എസ് ഓഫിസറാണ്. അയോധ്യ രാമക്ഷേത്ര നിർമാണത്തിനുള്ള ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റുണ്ടാക്കിയതിലും നിർണായക പങ്കുവഹിച്ചു. 61കാരനായ ഗ്യാനേഷ് കുമാർ ന്യൂഡൽഹി കേരള ഹൗസിൽ റസിഡന്റ് കമീഷണറായിട്ടുണ്ട്.
അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ തെരഞ്ഞെടുക്കാനുള്ള മൂന്നംഗ സെലക്റ്റ് കമ്മിറ്റി യോഗം മാറ്റിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി. തെരഞ്ഞെടുപ്പ് കമീഷണർമാരെ തെരഞ്ഞെടുക്കാനുള്ള പ്രധാനമന്ത്രി അധ്യക്ഷനായ സെലക്റ്റ് കമ്മിറ്റിയിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ മാറ്റി പകരം ആഭ്യന്തര മന്ത്രി അമിത് ഷായെ നിയമിക്കുന്നതിന് വഴിവെച്ച നിയമഭേദഗതിക്കെതിരെ സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി ഈ മാസം 19ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ആവശ്യമുന്നയിച്ചത്. എന്നാൽ, ആവശ്യം തള്ളിയ പ്രധാനമന്ത്രിയും അമിത് ഷായും രാഹുലിനെ ഇരുത്തി യോഗവുമായി മുന്നോട്ടുപോയി.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ തിങ്കളാഴ്ച വിരമിച്ചതിനെതുടർന്നാണ് പുതിയ ആളെ തെരഞ്ഞെടുക്കാൻ അതേദിവസം പ്രധാനമന്ത്രി സെലക്റ്റ് കമ്മിറ്റി യോഗം തിരക്കിട്ട് വിളിച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗത്തിൽ ഭൂരിപക്ഷ തീരുമാനപ്രകാരം കമീഷണറെ നിശ്ചയിച്ചെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറാക്കാൻ ഇരുവരും തീരുമാനിച്ചെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
കോൺഗ്രസ് ആസ്ഥാനത്ത് വാർത്തസമ്മേളനം വിളിച്ച അഭിഷേക് സിങ്‍വിയും അജയ് മാക്കനും യോഗം മാറ്റിവെക്കണമെന്ന ആവശ്യമുന്നയിച്ചു. ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയിൽനിന്ന് നീക്കിയതിലൂടെ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിന് പകരം കമീഷനെ നിയന്ത്രണത്തിലാക്കുകയാണ് ബി.ജെ.പി ലക്ഷ്യമെന്ന് സിങ്‍വി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമീഷണർമാരെ തെരഞ്ഞെടുക്കാനുള്ള സെലക്റ്റ് കമ്മിറ്റിയുടെ ഘടന മാറ്റിയ നിയമഭേദഗതിക്കെതിരായ ഹരജികൾ സുപ്രീംകോടതി ഈ മാസം 19ന് കേൾക്കാനിരിക്കുകയാണ്. കേവലം 48 മണിക്കൂർ കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. അല്ലെങ്കിൽ അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് സർക്കാറിന് സുപ്രീംകോടതിയോട് ആവശ്യപ്പെടാവുന്നതാണെന്ന് സിങ്‍വി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.