ഗ്യാൻവാപി: പള്ളി വരുന്നതിനുമുമ്പ് വലിയ ക്ഷേത്രമുണ്ടായിരുന്നെന്ന് പുരാവസ്തു വകുപ്പ്
text_fieldsന്യൂഡൽഹി: വാരാണസിയിൽ ഗ്യാൻവാപി പള്ളി നിർമിക്കുന്നതിനുമുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) റിപ്പോർട്ട്. പള്ളി നിർമാണത്തിന് നേരത്തേയുള്ള ക്ഷേത്രത്തിന്റെ തൂണുകളും മറ്റും ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഹിന്ദുക്ഷേത്രം തകർത്താണോ 17ാം നൂറ്റാണ്ടിൽ മസ്ജിദ് നിർമിച്ചതെന്ന് കണ്ടെത്താൻ 2023 ജൂലൈ 21നാണ് എ.എസ്.ഐ സർവേക്ക് ജില്ല കോടതി അനുമതി നൽകിയത്. ഡിസംബർ 18നാണ് സീൽ ചെയ്ത കവറിൽ കോടതിക്ക് എ.എസ്.ഐ റിപ്പോർട്ട് നൽകിയത്. നാലാഴ്ചത്തേക്ക് സർവേ റിപ്പോർട്ട് പുറത്തുവിടരുതെന്ന് കോടതിയോട് എ.എസ്.ഐ അപേക്ഷിച്ചിരുന്നു. എന്നാൽ, സർവേ റിപ്പോർട്ട് കേസിൽ കക്ഷികളായ ഹിന്ദു, മുസ്ലിം വിഭാഗങ്ങൾക്ക് കൈമാറാമെന്നും എന്നാൽ പരസ്യമാക്കരുതെന്നും ബുധനാഴ്ച ജില്ല ജഡ്ജി എ.കെ. വിശ്വേഷ് വിധിച്ചിരുന്നു. കൂടാതെ, കാശി വിശ്വനാഥക്ഷേത്ര ട്രസ്റ്റ്, വാരാണസി ജില്ല മജിസ്ട്രേറ്റ്, സംസ്ഥാന ആഭ്യന്തര സെക്രട്ടറി എന്നിവർക്കും പകർപ്പ് നൽകാമെന്ന് കോടതി വ്യക്തമാക്കുകയുണ്ടായി.
ഗ്യാൻവാപിയിൽ എ.എസ്.ഐ നടത്തിയ സർവേ റിപ്പോർട്ടിനായി 11 പേർ അപേക്ഷ നൽകിയിരുന്നു. ഹിന്ദു പക്ഷത്തുനിന്നുള്ള അഞ്ചു ഹരജിക്കാരെ പ്രതിനിധാനംചെയ്യുന്ന അഭിഭാഷകർ, അഞ്ജുമാൻ ഇൻതസാമിയ മസ്ജിദ് കമ്മിറ്റി, കാശി വിശ്വനാഥ് ട്രസ്റ്റ്, ഉത്തർപ്രദേശ് സർക്കാർ, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വാരാണസി ജില്ല മജിസ്ട്രേറ്റ് എന്നിവരാണ് റിപ്പോർട്ടിന്റെ പകർപ്പിനായി അപേക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.