ഗ്യാന്‍വാപി വിഷയം: അറസ്റ്റിലായ അധ്യാപകനെ വിട്ടയക്കണം, ഡൽഹി സർവകലാശാലയിൽ വിദ്യാർഥികളുടെ പ്രതിഷേധം
text_fieldsന്യുഡൽഹി: വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് വിഷയത്തിൽ ട്വീറ്റ് ചെയ്തതിന്‍റെ പേരിൽ അറസ്റ്റിലായ കോളജ് അധ്യാപകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർവകലാശാലയിൽ വിദ്യാർഥികളുടെ പ്രതിഷേധം. ഡൽഹി ഹിന്ദു കോളജ് അസോസിയേറ്റ് പ്രഫസർ രത്തൻ ലാലിനെ അഭിഭാഷകനായ വിനീത് ജിൻഡയുടെ പരാതിയിലാണ് വെള്ളിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിനുള്ളിൽ ശിവലിംഗം കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഈ വിഷയത്തിൽ അധ്യാപകൻ ട്വീറ്റ് ചെയ്തത്.
ശിവലിംഗത്തെ അപകീർത്തിപ്പെടുത്തുന്നതും പ്രകോപിപ്പിക്കുന്നതുമായ ട്വീറ്റ് ആണ് രത്തന്‍ലാൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതെന്ന് വിനീത് ജിൻഡ പരാതിയിൽ പറയുന്നു. മസ്ജിദ് സമുച്ചയത്തിൽ നിന്ന് ശിവലിംഗം കണ്ടെത്തിയ വിഷയം വളരെ വൈകാരിക സ്വഭാവമുള്ളതാണ്. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ഈ വിഷയത്തിൽ അഭിപ്രായങ്ങൾ പറയുന്നത് അനുചിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ ആളുകൾക്കിടയിൽ ശത്രുത വളർത്തുക, സൗഹാർദ്ദം നിലനിർത്തുന്നതിന് വിഘാതമായ പ്രവൃത്തികൾ ചെയ്യുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് രത്തൻ ലാലിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി രത്തൻ ലാൽ രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ നിങ്ങൾ എന്ത് സംസാരിച്ചാലും മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തും. അത് പുതിയ കാര്യമല്ല. താൻ ഒരു ചരിത്രകാരനാണ്. നിരവധി നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. തന്‍റെ പോസ്റ്റിൽ മാന്യമായ ഭാഷയാണ് ഉപയോഗിച്ചത്. അതുകൊണ്ട് ആരോപണങ്ങളെ സ്വയം പ്രതിരോധിക്കുമെന്നും രത്തൻ ലാൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.