ഗ്യാൻവ്യാപി കേസ് കോടതിക്ക് പുറത്ത് തീർക്കണമെന്ന് ഹിന്ദുസംഘടന; പള്ളികമ്മിറ്റിക്ക് കത്തയച്ചു
text_fieldsവാരണാസി: ഗ്യാൻവ്യാപി തർക്കം കോടതിക്ക് പുറത്ത് തീർക്കണമെന്ന് ഹിന്ദു സംഘടനയുടെ ആഹ്വാനം. ഇതുമായി ബന്ധപ്പെട്ട് വിശ്വ വേദിക് സനാതൻ സംഘ് എന്ന സംഘടന പള്ളിക്കമ്മിറ്റിക്ക് കത്തയച്ചു. ഗ്യാൻവ്യാപി പള്ളിയിൽ വാരണാസി ജില്ലാ കോടതിയുടെ നിർദേശപ്രകാരം ആർക്കിയോളജിക്കൽ സർവേ നടക്കുന്ന ഘട്ടത്തിലാണ് കത്തെന്നത് ശ്രദ്ധേയമാണ്.
ഗ്യാൻവ്യാപിയിൽ ചർച്ച നടത്താൻ ഹിന്ദുക്കളേയും മുസ്‍ലിംകളേയും ക്ഷണിച്ചുകൊണ്ടാണ് സംഘടനയുടെ തലവൻ ജിതേന്ദ്ര സിങ് ബിസേനിന്റെ കത്ത്. കേസിലെ ഹരജിക്കാരിലൊരാളായ രാഖി സിങ്ങിന് വേണ്ടിയാണ് താൻ കത്തയക്കുന്നതെന്നും ജിതേന്ദ്ര സിങ് പറയുന്നു. ചർച്ചകളിലൂടെ തർക്കം പരിഹരിക്കുന്നതാണ് ഏറ്റവും ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
തർക്കം ഹിന്ദു-മുസ്‍ലിം പ്രശ്നമായി വ്യാപിച്ചിട്ടുണ്ട്. ഇത് തുടർന്ന് പോകുന്നത് രാജ്യത്തിനും സമൂഹത്തിനും ഗുണകരമാവില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കത്ത് ലഭിച്ച കാര്യം മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി മുഹമ്മദ് യാസിൻ സ്ഥിരീകരിച്ചു. പള്ളിക്കമ്മിറ്റി ഇക്കാര്യത്തിൽ പ്രാഥമികമായ മറുപടി നൽകിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് നടക്കില്ലെന്ന് കേസിലെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. സനാതന ധർമ്മം പിന്തുടരുന്നവർ ഒരിക്കലും അവരുടെ അവകാശവാദം പിൻവലിക്കില്ല. മുസ്‍ലിം വിഭാഗം നിരുപാധികം മാപ്പ് പറഞ്ഞ് പള്ളിക്കുമേലുള്ള അവകാശവാദം പിൻവലിക്കുകയാണ് വേണ്ടെതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കത്തിന് നിയമപരമായ ഒരു സാധുതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.