ഗ്യാൻവാപി ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് വിഷയമല്ല
text_fieldsകാശി വിശ്വനാഥക്ഷേത്രത്തിലേക്കുള്ള ദർശനത്തിന് തിരക്കൊഴിവാക്കാൻ സ്ഥാപിച്ച സ്റ്റീൽ ബാരിക്കേഡുകൾക്കിടയിലൂടെ തീർഥാടകർ വന്നുപോയ്ക്കൊണ്ടിരിക്കുന്നു. ബാങ്ക് വിളി കേട്ട് ഗ്യാൻവാപി പള്ളിയിലേക്ക് നമസ്കാരത്തിനായി പോകുന്നവർക്കും വഴി അതുതന്നെ. പള്ളിയിലേക്ക് പോകുന്നവർക്ക് മൊബൈൽ ഫോൺ എടുക്കാൻ അനുവാദമില്ല. ബാരിക്കേഡുകൾക്ക് മുന്നിലെ സുരക്ഷാ പരിശോധന കഴിഞ്ഞ് പള്ളിയുടെ നിലവറ ഭാഗത്ത് എത്തുമ്പോൾ അവിടെയും പരിശോധനയുണ്ട്. തിരിച്ചറിയൽ കാർഡ് നോക്കി പ്രാർഥനക്കായി പോകുന്ന മുസ്ലിം ആണെന്ന് ഉറപ്പുവരുത്തിയിട്ടേ ഗ്യാൻവാപി പള്ളിക്ക് അകത്തേക്ക് കയറ്റിവിടുന്നുള്ളൂ. മുസ്ലിംകൾ അല്ലാത്തവർ പള്ളിക്ക് അകത്തേക്ക് കയറി പ്രശ്നങ്ങളുണ്ടാക്കാതിരിക്കാനാണ് തിരിച്ചറിയൽ കാർഡ് ചോദിക്കുന്നതെന്ന് പൊലീസുകാരിലൊരാൾ പറഞ്ഞു. സുരക്ഷാസേനയും ബാരിക്കേഡുകളും വലയം ചെയ്ത പള്ളിയിൽ അഞ്ച് നേരവും നമസ്കാരം മുടങ്ങാതെ നടക്കുന്നുണ്ട്.
പള്ളിമുറ്റത്ത് പാകിയ നൂറ്റാണ്ടുകളായി വിശ്വാസികൾ ചവിട്ടിത്തേഞ്ഞ കരിങ്കൽ പാളികളിൽ കാല് വെക്കാനാകാത്ത ചുട്ടുപൊള്ളുന്ന ചൂട്. വുദുഖാന അടച്ചുപൂട്ടി സീൽ ചെയ്ത നിലയിലാണ്. അതിനകത്ത് ഹൗള് (ജലസംഭരണി). അതിനൊത്ത നടുവിൽ ഹിന്ദുത്വ വാദികൾ ശിവലിംഗമാണെന്ന് അവകാശപ്പെടുന്ന ജലധാര. രണ്ടും വരണ്ടുണങ്ങി കിടക്കുകയാണ്. വുദുഖാന അടച്ചുപൂട്ടിയതിനാൽ താൽക്കാലിക സംവിധാനമെന്ന നിലയിൽ ഒരു പ്ലാസ്റ്റിക് ടാങ്കിൽ വെള്ളം നിറച്ചുവെച്ചിട്ടുണ്ട്. അതിൽനിന്ന് വെള്ളമെടുത്ത് വേണം നമസ്കാരത്തിനായി അംഗശുദ്ധി വരുത്താൻ. വുദുഖാന അടച്ചുപൂട്ടും മുമ്പ് ജലധാരയിൽനിന്ന് ഇരുമ്പുപൈപ്പുകൾ പറിച്ചുമാറ്റിയിട്ടുണ്ട്. ജലധാരയാണെന്നതിന്റെ തെളിവ് നശിപ്പിക്കാനാണത് ചെയ്തത്. എന്നാൽ, അവ പള്ളിക്ക് അകത്ത് കൊണ്ടുപോയി സൂക്ഷിച്ചത് ഇമാം കാണിച്ചു.
നമസ്കാരം പള്ളിയിൽ നടക്കുമ്പോൾതന്നെ അതിന്റെ തറക്ക് താഴെയുള്ള നിലവറയിൽ നിയമവിരുദ്ധമായി പൂജ തുടരുകയാണെന്ന് പറഞ്ഞ് അതിന്റെ ചിത്രം സയ്യിദ് മുഹമ്മദ് യാസീൻ കാണിച്ചുതന്നു. പള്ളിക്കുള്ളിലെ നിയമവിരുദ്ധമായ ഈ പൂജക്ക് അനുമതി നൽകി അതിനെ നിയമപരമാക്കി മാറ്റുകയാണ് സുപ്രീംകോടതി ചെയ്തതെന്ന് യാസീൻ കുറ്റപ്പെടുത്തി. ഈ കേസിൽ കോടതി പൂർണമായും പക്ഷപാതപരമായാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. അവർ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന ഉത്തരവുകളിൽ നീതിയില്ല. ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രമുണ്ടാക്കിയ തന്ത്രമല്ല ഗ്യാൻവാപി പള്ളിയിൽ പയറ്റുന്നത്. അവർ തന്ത്രം മാറ്റിയിരിക്കുന്നു. കോടതിയെകൊണ്ട് ആവശ്യമായ ഓരോ ഉത്തരവുകളിറക്കിച്ച് ക്രമാനുഗതമായി പള്ളി കൈയടക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഗ്യാൻവാപി പള്ളിയിൽ ഹിന്ദുത്വവാദികൾ എന്താഗ്രഹിക്കുന്നുവോ അത് കോടതി ഉത്തരവാക്കി ഇറക്കിക്കൊടുക്കുന്നു. കോടതി ഉത്തരവിറങ്ങി കേവലം മൂന്ന് മണിക്കൂർ കൊണ്ടാണ് പള്ളിയിൽ പൂജ തുടങ്ങിയത്. കമീഷണർ വന്നിരുന്ന് പൂജ തുടങ്ങിക്കൊടുത്തു. പള്ളിയുടെ മുൻഭാഗത്തെ വഴി പൂജക്ക് വരുന്നവർക്കുള്ളതും പിൻഭാഗത്തെ വഴി നമസ്കരിക്കാനുള്ളവർക്കുമാക്കി മാറ്റി.
ഒരു കേസിന് പിറകെ മറ്റൊന്ന് എന്ന നിലക്ക് പള്ളി കമ്മിറ്റിയെ കേസിൽ കുരുക്കി. നിലവിൽ 30 കേസുകളാണ് കോടതിയിലുള്ളത്. ജലധാര ശിവലിംഗമാണെന്ന് അവകാശപ്പെട്ട് അടച്ചുപൂട്ടിച്ച ശേഷം വിശക്കുന്ന ഭഗവാനെ ഊട്ടാൻ വുദുഖാന ഹിന്ദുക്കൾക്ക് തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയാണ് അവസാനത്തേത്. ബാരിക്കേഡുകൾ എല്ലാം മാറ്റി പള്ളി പൂർണമായുമിങ്ങ് തന്നേക്കൂ എന്നാണ് അവർ ഇപ്പോൾ ആവശ്യപ്പെടുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തുറന്നുകൊടുത്ത പണ്ടോറയുടെ പെട്ടിയാണ് ഇന്ന് ഗ്യാൻവാപി പള്ളി. കോടതി വഴിതന്നെ പള്ളി തങ്ങളുടെ കൈപ്പിടിയിലെത്തുമെന്ന് അവർ കരുതുന്നു. അതിനാൽ രാമക്ഷേത്രം അജണ്ടയാക്കിയ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഗ്യാൻവാപി ചർച്ചാ വിഷയമാക്കിയിട്ടില്ലെന്നും യാസീൻ പറഞ്ഞു. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഒരു പക്ഷേ, ഗ്യാൻവാപി അജണ്ടയാക്കിയേക്കാമെന്നും യാസീൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.