ഗ്യാൻവാപി മസ്ജിദിന്റെ ഹരജികൾ ഒരുമിച്ച് കേൾക്കും -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വാരാണസി ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി സമർപ്പിച്ച പുതിയ ഹരജി ഇതുമായി ബന്ധപ്പെട്ട പഴയ ഹരജികൾക്കൊപ്പം കേൾക്കുമെന്ന് സുപ്രീംകോടതി. ആരാധനാലയ നിയമം ഗ്യാൻവാപി പള്ളിക്ക് മേലുള്ള തർക്കം തടയുന്നില്ലെന്ന ഡിസംബർ 19ലെ അലഹബാദ് ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത അഞ്ചുമൻ ഇൻതിസാമിയ കമ്മിറ്റിയുടെ ഹരജിയാണ് ഇനിയും കേൾക്കാത്ത പഴയ ഹരജികൾക്കൊപ്പം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. വാരാണസി കോടതിയെ ഗ്യാൻവാപി വിഷയത്തിൽ തടയാത്ത അലഹബാദ് ഹൈകോടതി നടപടിക്കെതിരെ 2021 മുതൽ സമർപ്പിച്ച ഹരജികൾ സുപ്രീംകോടതിയിലുണ്ടെന്നും എന്നാൽ അവയൊന്നും കോടതി പരിഗണിച്ചിട്ടില്ലെന്നും മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസൈഫ അഹ്മദി ചൂണ്ടിക്കാട്ടി.
ഗ്യാൻവാപി പള്ളിയുടെ തെക്കേ നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ വാരാണസി കോടതി ഏകപക്ഷീയമായി അനുമതി നൽകിയതിനെതിരെ പള്ളി കമ്മിറ്റി സമർപ്പിച്ച ഹരജിയും ഫെബ്രുവരി 26ന് അലഹബാദ് ഹൈകോടതി തള്ളിയിരുന്നു. ഗ്യാൻവാപി പള്ളിക്കുള്ളിൽ ക്ഷേത്രാവശിഷ്ടങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ പുരാവസ്തു സർവേ നടത്താനും അലഹബാദ് ഹൈകോടതി വിവാദ ഉത്തരവിറക്കിയിരുന്നു. ദീൻ മുഹമ്മദ് കേസിൽ ഗ്യാൻവാപി പള്ളിക്ക് അനുകൂലമായി ഒരിക്കൽ തീർപ്പ് വന്നശേഷമാണ് വീണ്ടും തർക്കം ഉന്നയിക്കുന്നതെന്ന പള്ളി കമ്മിറ്റിയുടെ വാദം തള്ളിയായിരുന്നു അലഹബാദ് ഹൈകോടതി നടപടി.
1947 ആഗസ്റ്റ് 15ന് പള്ളിയായി നിലനിന്ന ഗ്യാൻവാപി പള്ളി 1991ലെ ആരാധനാലയ നിയമപ്രകാരം അങ്ങനെതന്നെ നിലനിൽക്കുമെന്നും അതിനാൽ പള്ളിക്കുമേൽ തർക്കം ഉന്നയിക്കാനാവില്ലെന്നും കമ്മിറ്റി നേരത്തേ ബോധിപ്പിച്ചിരുന്നുവെങ്കിലും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അത് അംഗീകരിച്ചിരുന്നില്ല. അങ്ങനെയാണ് വുദുഖാനയിലെ ജലധാര ശിവലിംഗമാണെന്ന തർക്കത്തിന് ബലം നൽകി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വുദുഖാന അടച്ചുപൂട്ടി മുദ്രവെച്ച് കേന്ദ്ര സേനയുടെ നിയന്ത്രണത്തിലാക്കിയത്.
ഗ്യാൻവാപി പള്ളി കമ്മിറ്റിക്കെതിരെ മുതിർന്ന അഭിഭാഷകരുടെ വൻ നിരയാണ് സുപ്രീംകോടതിയിൽ ഇന്നലെ അണിനിരന്നത്. ഹിന്ദുപക്ഷത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വൈദ്യനാഥൻ ബാബരി കേസിലും ഹിന്ദുപക്ഷത്തിന്റെ അഭിഭാഷകനായിരുന്നു. മസ്ജിദ് കമ്മിറ്റിയുടെ ഹരജികൾ ഉണ്ടെങ്കിലും അഡ്വക്കറ്റ് കമീഷണറെ നിയമിച്ചതടക്കമുള്ള നടപടികളിൽ സുപ്രീംകോടതി ഇടപെടാത്തതാണെന്ന് വൈദ്യനാഥൻ മറുവാദം ഉന്നയിച്ചു. യു.പി സർക്കാറിനുവേണ്ടി കേന്ദ്രത്തിന്റെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹിന്ദുപക്ഷത്തെ രണ്ട് സ്വകാര്യ ഹരജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.