ഗ്യാൻവാപി പള്ളി: ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്ത ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താനുള്ള നീക്കം തടയണമെന്നും, തൽസ്ഥിതി തുടരാൻ ഉത്തരവിടണമെന്നുമാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതിയിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൊവ്വാഴ്ച പരിഗണിക്കും. സർവേക്കെതിരെ പള്ളി പരിപാലിക്കുന്ന അന്‍ജുമാന്‍ ഇന്തെസാമിയ മസ്ജിദ് കമ്മിറ്റി ഹരജി നൽകിയത്. കേസിനെ കുറിച്ച് ധാരണയില്ലെന്നും, രേഖകൾ പരിശോധിച്ച ശേഷം ഹരജി ലിസ്റ്റ് ചെയ്യാമെന്നും വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് എൻ.വി. രമണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹരജി ലിസ്റ്റ് ചെയ്യുകയായിരുന്നു.
ഗ്യാൻവാപി
ബാബരി മസ്ജിദ് തകർച്ചക്കു പിറകെ രാജ്യത്ത് വർഗീയ ധ്രുവീകരണത്തിന് ആക്കം പകർന്ന് ഉയർത്തിക്കൊണ്ടുവന്നതാണ് ഗ്യാൻവാപി മസ്ജിദ് വിവാദം. 1991ലായിരുന്നു കാശിയിലെ മസ്ജിദിനെ ചൊല്ലി ആദ്യമായി വാരാണസി കോടതിയിൽ കേസ് എത്തുന്നത്. 16ാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരിയായ ഔറംഗസീബ് കാശി വിശ്വനാഥക്ഷേത്രം തകർത്താണ് ഗ്യാൻവാപി പള്ളി നിർമിച്ചതെന്നായിരുന്നു പരാതി. സമാന പരാതികളിൽ വാരാണസി കോടതിക്കു പുറമെ സുപ്രീം കോടതി, അലഹബാദ് ഹൈകോടതി എന്നിവിടങ്ങളിലും കേസ് പുരോഗമിക്കുകയാണ്. ഏറ്റവുമൊടുവിൽ, ഗ്യാൻവാപി മസ്ജിദിന്റെ പടിഞ്ഞാറെ ചുമരിനോട് ചേർന്നുള്ള വിഗ്രഹങ്ങളെ ആരാധിക്കാൻ അനുമതി തേടി ഒരു കൂട്ടം സ്ത്രീകൾ നൽകിയ പരാതിയിലും വാദം കേൾക്കൽ തുടരുകയാണ്. 2019ൽ വിജയ് ശങ്കർ റസ്തോഗിയെന്ന വാരാണസിയിലെ അഭിഭാഷകൻ പള്ളി സമുച്ചയം പുരാവസ്തു സർവേ നടത്താൻ ആവശ്യപ്പെട്ട് പരാതി നൽകി. ഈ കേസുകളിലാണ് വാരാണസിയിലെ കോടതി ദേശീയ പുരാവസ്തു വകുപ്പിനെ ചുമതലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.