ആരാധനാലയ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന ഹരജികൾക്കെതിരെ ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയിൽ
text_fieldsലഖ്നോ: ആരാധനാലയ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന ഹരജികൾക്കെതിരെ ഗ്യാൻവാപി മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി സുപ്രീംകോടതിയിൽ. ഉത്തർപ്രദേശിലെ സംഭലിൽ അടുത്തിടെ നടന്ന അക്രമസംഭവങ്ങളും ഹരജിയിൽ ചൂണ്ടിക്കാട്ടി.കോടതി ഷാഹി ജമാ മസ്ജിദിന്റെ സർവേക്ക് അനുമതി നൽകിയ അതേ ദിവസം തന്നെ സർവേ കമീഷണറെ നിയമിക്കാനുള്ള അപേക്ഷയും അനുവദിച്ചു. ഇത് വ്യാപക അക്രമത്തിലേക്ക് നയിച്ചു. ആറ് പേരുടെ ജീവൻ നഷ്ടമായി. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഇത്തരം തർക്കങ്ങൾ ഉടലെടുക്കുകയും ആത്യന്തികമായി നിയമവാഴ്ചയും സാമുദായിക സൗഹാർദവും ഇല്ലാതാവുകയും ചെയ്തതായും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവിധ മസ്ജിദുകളും ദർഗകളും പുരാതന ക്ഷേത്രങ്ങളാണെന്ന് അവകാശപ്പെടുന്ന നിരവധി സംഭവങ്ങൾ ഇതിനകം ഉന്നയിക്കപ്പെട്ട സംഭവങ്ങളും ഹരജിക്കാരൻ എടുത്തു പറഞ്ഞു. ഹരജിക്കാരുടെ ഇത്തരത്തിലുള്ള വാദങ്ങൾ കലാപമുണ്ടാക്കുന്നതും വർഗീയവുമാണെന്നും ഹരജിക്കാരൻ വാദിച്ചു.
കഴിഞ്ഞ ജനുവരിയിൽ ഗ്യാൻവാപി മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള 'വ്യാസ് കാ തഹ്ഖാന' എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകി വാരാണസി ജില്ല കോടതി ഉത്തരവിട്ടത്. മസ്ജിദിൽ പൂജക്ക് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദുവിശ്വാസികളായ നാല് സ്ത്രീകൾ ഹരജി നൽകിയിരുന്നു. ഇത് അംഗീകരിച്ചായിരുന്നു കോടതി വിധി. ഗ്യാൻവാപി പള്ളി നിർമിക്കുന്നതിനുമുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായാണ് നേരത്തെ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ എ.എസ്.ഐ റിപ്പോർട്ട് നൽകിയിരുന്നത്. പള്ളി നിർമാണത്തിന് നേരത്തേയുള്ള ക്ഷേത്രത്തിന്‍റെ തൂണുകളും മറ്റും ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഗ്യാൻവാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ എ.എസ്.ഐ സർവേ നടത്തട്ടെ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് വിധിച്ചത്.
ഗ്യാൻവാപി മസ്ജിദിനു പിന്നാലെ മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദ് കെട്ടിടത്തിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) സർവേ നടത്താൻ കോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.