ഗ്യാൻവാപി സർവേ: അഡ്വക്കറ്റ് കമീഷണറെ നീക്കി
text_fieldsവാരാണസി: ഗ്യാൻവാപി മസ്ജിദിൽ വിഡിയോ സർവേക്ക് നിയോഗിക്കപ്പെട്ട അഡ്വക്കറ്റ് കമീഷണർ അജയ് മിശ്രയെ വാരാണസി കോടതി തൽസ്ഥാനത്തുനിന്ന് നീക്കി. സർവേയുമായി സഹകരിക്കാത്തതിനാലാണ് നടപടിയെന്ന് അസിസ്റ്റന്റ് അഡ്വക്കറ്റ് കമീഷണർ അജയ് പ്രതാപ് സിങ് പറഞ്ഞു.
മൂന്നു കമീഷണർമാരെയാണ് സർവേക്കായി നിയോഗിച്ചിരുന്നത്. ഇനി മറ്റ് രണ്ട് കമീഷണർമാർ ചേർന്ന് സർവേ റിപ്പോർട്ട് സമർപ്പിക്കാനും ഇതിനായി രണ്ടുദിവസം കൂടി അനുവദിക്കുന്നതായും കോടതി വ്യക്തമാക്കി. മൂന്നു ദിവസത്തെ സർവേ തിങ്കളാഴ്ചയാണ് പൂർത്തിയായത്. ചൊവ്വാഴ്ചയാണ് റിപ്പോർട്ട് നൽകേണ്ടിയിരുന്നത്. ഇതിനിടെ റിപ്പോർട്ട് നൽകാൻ രണ്ടുദിവസംകൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്‍പെഷൽ അഡ്വക്കറ്റ് കമീഷണർ വിശാൽ സിങ് സിവിൽ ജഡ്ജി രവികുമാർ ദിവാകറിന് അപേക്ഷ നൽകുകയായിരുന്നു.
തുടർന്നാണ് സമയം നീട്ടി നൽകിയത്. എന്നാൽ, സർവേ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകിയതിനാണ് അജയ് മിശ്രയെ കോടതി നീക്കം ചെയ്തതെന്ന് 'ലൈവ് ലോ' വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. ഭൂമിക്കടിയിലെ മുറികളിലും സർവേ നടത്തിയെന്നും താക്കോൽ ലഭിക്കാതിരുന്ന മുറികളുടെ പൂട്ടുകൾ പൊളിച്ചെന്നും അസിസ്റ്റന്റ് അഡ്വക്കറ്റ് കമീഷണർ അജയ് പ്രതാപ് സിങ് പറഞ്ഞു. ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയിലെ ഫൗണ്ടനെയാണ് ശിവലിംഗമായി ചിത്രീകരിക്കുന്നതെന്ന് മസ്ജിദ് അധികൃതർ വ്യക്തമാക്കിയിരുന്നു.
ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഹരജിക്കാരുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചതിനെ തുടർന്ന് സിവിൽ ജഡ്ജി രവികുമാർ ദിവാകർ മസ്ജിദിന്റെ ഒരുഭാഗം മുദ്രവെക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനിടെ ഗ്യാൻവാപി മസ്ജിദിൽ പുതിയ സർവേ നടത്തണമെന്നാവശ്യപ്പെട്ട് ഹരജിക്കാർ കോടതിയെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.