ഗ്യാൻവാപി കേസ്: ഹൈകോടതിയിൽ അഡ്വ. ജനറലിന്റെ സാന്നിധ്യം ചോദ്യം ചെയ്ത് മുസ്ലിം പക്ഷം
text_fieldsപ്രയാഗ് രാജ്: ഗ്യാൻവാപി മസ്ജിദിന്റെ നിലവറയിൽ പൂജ അനുവദിച്ച വാരാണസി ജില്ല കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിൽ ഹൈകോടതിയിൽ വാദം തുടരുന്നതിനിടെ കോടതിമുറിയിൽ അഡ്വ. ജനറലിന്റെ (എ.ജി) സാന്നിധ്യം ചോദ്യംചെയ്ത് മുസ്ലിം പക്ഷം. സംസ്ഥാന സർക്കാർ കേസിൽ കക്ഷിയല്ലാതിരിക്കെ, എ.ജി കോടതിമുറിയിലെത്തിയതെന്തിനാണെന്നും സർക്കാറും ഹിന്ദുപക്ഷവും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടോയെന്നും മുസ്ലിം പക്ഷത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്.എഫ്.എ നഖ്വി ചോദിച്ചു.
എന്നാൽ, അദ്ദേഹം അഭിഭാഷകനെ സഹായിക്കാനെത്തിയതാണെന്നായിരുന്നു ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ മറുപടി. കേസിൽ സംസ്ഥാന സർക്കാറിനെ കക്ഷി ചേർക്കേണ്ടതുണ്ടോയെന്ന് നേരത്തെ എ.ജിയോട് ജഡ്ജി ചോദിച്ചിരുന്നു. തീരുമാനമെടുക്കാൻ സമയം വേണമെന്ന് അദ്ദേഹം മറുപടി നൽകി. 1993ൽ മുലായം സർക്കാർ നിർത്തലാക്കുംവരെ മസ്ജിദിന്റെ നിലവറയിൽ സോംനാത് വ്യാസും കുടുംബവും പൂജ നടത്തിയിരുന്നുവെന്ന് ഹിന്ദുപക്ഷത്തിനുവേണ്ടി ഹാജരായ ഹരിശങ്കർ ജെയിൻ വാദിച്ചു.
എന്നാൽ, ഇതിനെ ഖണ്ഡിച്ച നഖ്വി, മസ്ജിദ് കെട്ടിടം എല്ലായ്പ്പോഴും മുസ്ലിംകളുടെ കീഴിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഗ്യാൻവാപിയുടെ മതപരമായ സ്വഭാവം സംബന്ധിച്ച സിവിൽ തർക്കം 1942ലെ ദീൻ മുഹമ്മദ് കേസിൽ അലഹബാദ് ഹൈകോടതി വിധിയിലൂടെ വ്യക്തമായതാണെന്നും മുസ്ലിംകൾക്ക് അനുകൂലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ദീൻ മുഹമ്മദ് കേസിൽ നമസ്കാരത്തിനുള്ള അവകാശം മാത്രമാണ് മുസ്ലിംകൾക്ക് നൽകിയതെന്നും വ്യാസ് കുടുംബത്തിന്റെ പൂജക്കുള്ള അവകാശവാദം തള്ളിക്കളയാനാകില്ലെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. ഹിന്ദു വിഭാഗത്തിന് നിലവറയുടെ അവകാശം നൽകിയിട്ടില്ലെന്നും പള്ളിയുടെ സ്റ്റോർ റൂമായാണ് അത് ഉപയോഗിച്ചുവന്നിരുന്നതെന്നും നഖ്വി ചൂണ്ടിക്കാട്ടി.
ഇരുപക്ഷവും അവകാശവാദം തെളിയിക്കാൻ കൂടുതൽ രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് തുടർവാദം ഹൈകോടതി ഫെബ്രുവരി 12ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.