ഗ്യാൻവാപി: ഇരുപക്ഷവും ഹൈകോടതിയിലേക്ക്
text_fieldsന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ നിത്യപൂജ അനുവദിക്കണമെന്ന ഹിന്ദുപക്ഷ അപേക്ഷക്കെതിരെ നൽകിയ ഹരജി ജില്ല ജഡ്ജി അനുവദിക്കാത്ത സാഹചര്യത്തിൽ അലഹബാദ് ഹൈകോടതിയെ സമീപിക്കാൻ അഞ്ജുമൻ ഇൻതസാമിയ കമ്മിറ്റി നിയമ ചർച്ചകളിൽ. അതേസമയം, തങ്ങളെ കേൾക്കാതെ ഏകപക്ഷീയമായി വിധി പറയരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദുപക്ഷം ഹൈകോടതിയിൽ കേവിയറ്റ് ഹരജി നൽകും.
ജില്ല കോടതി വിധിയോടെ കാശിക്ഷേത്ര-ഗ്യാൻവാപി പള്ളി ചർച്ചകൾ വീണ്ടും ചൂടുപിടിച്ചു. വാരാണസി ജില്ല കോടതിവിധി നിരാശപ്പെടുത്തുന്നതാണെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് പറഞ്ഞു. ബാബരി മസ്ജിദ് ഒഴികെ എല്ലാ സാമുദായിക കേന്ദ്രങ്ങളിലും തൽസ്ഥിതി തുടരണമെന്നാണ് 1991ൽ പാർലമെന്റ് പാസാക്കിയ ആരാധനാലയ നിയമവ്യവസ്ഥ. അതിന് വിരുദ്ധമായ തർക്കങ്ങൾക്ക് സാധുത ഉണ്ടായിരിക്കില്ലെന്നും നിയമം വ്യക്തമാക്കിയിരുന്നു. ആരാധനാലയ നിയമം കർക്കശമായി പരിപാലിക്കണമെന്ന് ബാബരി മസ്ജിദ് കേസിൽ സുപ്രീംകോടതി ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. എന്നാൽ വിദ്വേഷം വളർത്താൻ ലക്ഷ്യമിടുന്നവരുടെ താൽപര്യങ്ങൾ ജില്ല കോടതി വിധിയിലൂടെ ജയം നേടുകയാണ്. ഹിന്ദുപക്ഷ അവകാശവാദം തുടക്കത്തിൽ കോടതി അംഗീകരിച്ച് വഴിയൊരുക്കിയതു കൊണ്ടാണ് ഈ ദുഃസ്ഥിതി ഉണ്ടായത്. ഇത് രാജ്യത്തിന്റെ ഐക്യത്തെയും സമുദായ സൗഹാർദത്തെയും ബാധിക്കും. ആരാധനാലയ നിയമം എല്ലാവർക്കും ബാധകമാണെന്നും, അത് പൂർണാർഥത്തിൽ നടപ്പാക്കുകയാണ് വേണ്ടതെന്നും വ്യക്തിനിയമ ബോർഡ് ചൂണ്ടിക്കാട്ടി.
ആരാധനാലയ നിയമത്തിന്റെ ഉദ്ദേശ്യങ്ങൾക്ക് വിരുദ്ധമാണ് ജില്ല കോടതി വിധിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. നിയമത്തെ ചില നീതിപീഠങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നിയമം വഴി എന്താണോ തടയാൻ ഉദ്ദേശിച്ചത്, അതിനു വിരുദ്ധമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ന്യൂനപക്ഷങ്ങളെ ഉന്നമിട്ട് ചരിത്രം തെറ്റായി വ്യാഖ്യാനിക്കുകയാണ് ഭരണകക്ഷി. ക്ഷേത്രം തകർത്ത സ്ഥലങ്ങളിലാണ് പള്ളികൾ ഉയർന്നതെന്ന അവകാശവാദം മതവികാരം ഉണർത്തി വർഗീയ അജണ്ടക്ക് ഉപയോഗിക്കുന്ന രീതിയാണ്. സമുദായ സൗഹാർദം പരിപാലിക്കാനും മഥുര, കാശി പോലുള്ള കൂടുതൽ അവകാശവാദങ്ങൾ തടയാനുമായി ദേശതാൽപര്യം മുൻനിർത്തി രൂപപ്പെടുത്തിയതാണ് 1991ലെ ആരാധനാലയ നിയമം. അതിന്റെ പൂർണമായ അന്തഃസത്ത നടപ്പാക്കുകയാണ് വേണ്ടതെന്ന് സി.പി.എം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.