Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗ്യാന്‍വാപി മസ്ജിദ്...

ഗ്യാന്‍വാപി മസ്ജിദ് കേസ്: ആരാണ് ഹരജി നൽകിയ അഞ്ച് സ്ത്രീകൾ?

text_fields
bookmark_border
ഗ്യാന്‍വാപി മസ്ജിദ് കേസ്: ആരാണ് ഹരജി നൽകിയ അഞ്ച് സ്ത്രീകൾ?
cancel
Listen to this Article

കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ നടത്തിയ വിഡിയോ സർവേക്കിടെ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെ തുടർന്ന് പള്ളിയുടെ ഒരുഭാഗം അടച്ചിടാൻ ജില്ല സിവിൽ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മസ്ജിദ് സമുച്ചയത്തിൽ ദിവസവും വിഗ്രഹാരാധന നടത്താൻ അനുമതി നൽകണമെന്ന് ചൂണ്ടിക്കാട്ടി അഞ്ച് സ്ത്രീകൾ നൽകിയ ഹരജിയെ തുടർന്നാണ് പള്ളിയിൽ വിഡിയോ സർവേ നടത്താൻ കോടതി നിർദേശിച്ചത്.

ഹരജിക്കാരായ സീതാ സാഹു,മഞ്ജു വ്യാസ്, രേഖാ പഥക് എന്നിവർ

വാരണാസി സ്വദേശികളായ ലക്ഷ്മി ദേവി, സീതാ സാഹു, മഞ്ജു വ്യാസ്, രേഖാ പഥക് എന്നിവരാണ് 2021 ആഗസ്റ്റിൽ വിഷയത്തിൽ ഹരജിയുമായി കോടതിയെ സമീപിച്ചത്. പിന്നീട് ഡൽഹി സ്വദേശിയായ രാഖി സിങും ഇവർക്കൊപ്പം ചേർന്നതോടെ ഹരജിക്കാരുടെ എണ്ണം അഞ്ചായി. ഹരജിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രാഖി സിങ് തങ്ങളെ ബന്ധപ്പെട്ടതായും തുടർന്ന് അവരെ കൂടി ഹരജിയിൽ ഉൾപ്പെടുത്തിയെന്നും സീതാ സാഹു ദ് ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കുന്നു.

സാധാരണ വീട്ടമ്മമാരായി കഴിഞ്ഞിരുന്ന ഇവർ രാജ്യത്തിന്‍റെ ക്രമസമാധാനത്തെ വരെ ബാധിക്കുന്ന വ്യവഹാരത്തിലേക്ക് എത്തിക്കുന്നത് ഹിന്ദുത്വ സംഘടനയായ വിശ്വ വേദിക് സനാതൻ സംഘ് ആണ്. കേസിന്‍റെ മുഴുവന്‍ കാര്യങ്ങളും സംഘടനയാണ് നിർവഹിക്കുന്നതെന്ന് യു.പി കൺവീനർ സന്തോഷ് സിങ് വ്യക്തമാക്കുന്നു.


ഗ്യാൻവാപി മസ്ജിദ് കേസിലെ ഹരജിക്കാർ


രാഖി സിങ്

ഡൽഹി സ്വദേശിയും 35കാരിയുമായ രാഖി സിങാണ് കേസിലെ പ്രധാന ഹരജിക്കാരി. വിശ്വ വേദിക് സനാതൻ സംഘിന്റെ സ്ഥാപക അംഗമായ ഇവർ കോടതിയിൽ നടന്ന ഒരു വാദത്തിലും ഹാജരായിട്ടില്ല. ഹിന്ദുത്വ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രവർത്തകയാണ് രാഖിയെന്ന് സംഘടനയുടെ യു.പി കൺവീനർ സന്തോഷ് സിങ് പറയുന്നു. മാ ശൃംഗർ ഗൗരി ദേവിയുടെ ആരാധികയായ രാഖി ഒന്നിലധികം തവണ വാരണാസി സന്ദർശിച്ചിട്ടുണ്ടെന്നും കേസ് നടത്താന്‍ എന്തുകൊണ്ടും യോഗ്യയാണെന്നും കൺവീനർ പറയുന്നു.

ക്ഷ്മി ദേവി

ഹിന്ദുത്വ സംഘടനകളുടെ ഒരു പ്രവർത്തനങ്ങളിലും ഭാഗമാകാതിരുന്ന സാധാരണ വീട്ടമ്മയാണ് 65കാരിയായ ലക്ഷ്മി ദേവിയെന്ന് ഭർത്താവും വി.എച്ച്‌.പി വാരണാസി മഹാനഗർ വൈസ് പ്രസിഡന്റുമായ സോഹൻ ലാൽ ആര്യ പറയുന്നു. ഭാര്യ വീട്ടിന് പുറത്ത് പോകാറില്ലെന്നും അതിനാലാണ് പകരക്കാരനായി താൻ കോടതിയിൽ ഹാജരാകാറുള്ളതെന്നും സോഹൻ ലാൽ വ്യക്തമാക്കുന്നു. 1985ൽ ഗ്യാന്‍വാപി വിഷയം ഉയർത്തി സോഹൻ ലാലാണ് വാരണാസി കോടതിയിൽ ആദ്യ ഹരജി സമർപ്പിച്ചത്. വാരണാസിയിലെ മഹമൂർഗഞ്ച് ഏരിയയിലാണ് ദമ്പതികൾ താമസിക്കുന്നത്.

സീത സാഹു

വാരണാസിയിലെ ചേത്‌ഗഞ്ച് ഏരിയയിൽ താമസിക്കുന്ന 40കാരിയായ സീത സാഹുവിനും വിശ്വ വേദിക് സനാതൻ സംഘവുമായോ മറ്റേതെങ്കിലും ഹിന്ദുത്വ സംഘടനകളുമായോ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഹിന്ദു മതത്തിന് വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും ദേവിയെ ക്ഷേത്രത്തിൽ ശരിയായി പ്രാർഥിക്കാൻ അനുവദിക്കാത്തതിനാലാണ് താൻ ഹരജി സമർപ്പിച്ചതെന്നും സീത സാഹു പറയുന്നു.

മഞ്ജു വ്യാസ്

സ്വന്തമായി ബ്യൂട്ടിപാർലർ നടത്തുന്ന 49കാരിയായ മഞ്ജു വ്യാസും ഏതെങ്കിലും സംഘടനയുടെ ഭാരവാഹിയോ അംഗമോ അല്ല. ശൃംഗർ ഗൗരി സ്ഥലത്ത് പ്രാർഥിക്കാനാണ് തനിക്കിഷ്ടമെന്നും അതിന് വേണ്ടി പ്രവർത്തിക്കുമെന്നും മഞ്ജു വ്യക്തമാക്കുന്നു.

രേഖാ പഥക്

കാശി വിശ്വനാഥ ക്ഷേത്ര സമുച്ചയത്തിന്റെ പരിസരത്തെ ഹനുമാൻ പഥകിലുള്ള 35കാരിയായ വീട്ടമ്മയാണ് രേഖാ പഥക്. തന്‍റെ ദേവിക്ക് വേണ്ടിയാണ് ഹരജിയുടെ ഭാഗമായതെന്നും ക്ഷേത്രത്തിലെ ഒരു സത് സംഗിനിടെയാണ് ഹരജി ഫയൽ ചെയ്യാനുള്ള തീരുമാനമെടുത്തതെന്നും രേഖാ പറയുന്നു.


2018ൽ ഹിന്ദുത്വ ആശയങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്ന ല‍ക്ഷ്യത്തോടെ തുടക്കംകുറിച്ച വിശ്വ വേദിക് സനാതൻ സംഘ് എന്ന സംഘടന ഉത്തർപ്രദേശിലെ ഗോണ്ട ജില്ല ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ന്യൂഡൽഹി അടക്കം രാജ്യത്തെ നിരവധി സ്ഥലങ്ങളിൽ സംഘടനക്ക് ശാഖകളുണ്ട്.

ഡൽഹിയിലെ കുത്തബ് മിനാറിന്‍റെ പേര് വിഷ്ണുസ്തംഭമെന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചതും ഈ സംഘടനയായിരുന്നു. കുത്തബ് മിനാറിന്‍റെ സമീപത്ത് ഹനുമാൻ ചാലിസ ചൊല്ലിയ ഇതേ സംഘടനയാണ് കൃഷ്ണ ജന്മസ്ഥാനവുമായി ബന്ധപ്പെട്ട മുസ്ലിംപള്ളിക്കെതിരെ മഥുര കോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petitionGyanwapi Masjid
News Summary - Gyanwapi Masjid case: Who are the five women who filed the petition?
Next Story