ഗ്യാൻവാപി മസ്ജിദിലെ പൂജക്ക് സ്റ്റേയില്ല; കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റികൾക്കും പൂജാരിക്കും സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിന്റെ തെക്കേ നിലവറയിൽ പൂജ അനുവദിച്ച വാരാണസി കോടതി വിധി ശരിവെച്ച അലഹബാദ് ഹൈകോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. പൂജ അനുവദിച്ചതിനെതിരെ അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിൽ നിലപാട് തേടി എതിർകക്ഷികളായ കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റികൾക്ക് നോട്ടീസ് അയക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. മുഖ്യ പൂജാരി ശൈലേന്ദ്ര കുമാർ പഥക് വ്യാസും ഏപ്രിൽ 30നകം നിലപാട് അറിയിക്കണം. അതുവരെ മുസ്ലിംകളുടെ നമസ്കാരത്തിനും ഹിന്ദുവിഭാഗത്തിന്റെ പൂജക്കും തൽസ്ഥിതി തുടരാമെന്നും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു.
മുസ്ലിംകൾക്ക് മസ്ജിദിന്റെ വടക്കുവശത്തുകൂടെ നമസ്കാരത്തിനായി പ്രവേശിക്കുന്നതിന് തടസ്സമില്ലെന്നും കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിമാർക്ക് പൂജ നടത്താൻ തെക്കുവശത്തുകൂടെ നിലവറയിലെത്താമെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ജനുവരി 17, 31 തീയതികളിൽ വന്ന ഉത്തരവുകൾക്കുശേഷം മുസ്ലിംകൾ തടസ്സമില്ലാതെ നമസ്കാരം നടത്തുന്നുണ്ടെന്നും ഹിന്ദു പുരോഹിതന്മാരുടെ പൂജ തെഹ്ഖാനയിൽ മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് തൽസ്ഥിതി തുടരാനുള്ള ഉത്തരവ്. സുപ്രീംകോടതിയുടെ അനുവാദമില്ലാതെ തൽസ്ഥിതിയിൽ മാറ്റംവരുത്താനും പാടില്ല.
ഗ്യാൻവാപിക്ക് ബാബരി മസ്ജിദിന്റെ അവസ്ഥ വരുമെന്ന് ഭയപ്പെടുന്നതായി സ്റ്റേ ആവശ്യവുമായി മസ്ജിദ് കമ്മിറ്റിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹ്മദി ചൂണ്ടിക്കാട്ടി. ചരിത്രം നമ്മെ പഠിപ്പിക്കുന്നത് അതാണ്. ഗ്യാൻവാപിക്ക് സമീപം വലിയൊരു ക്ഷേത്രമുണ്ടായിരിക്കെ പള്ളിയുടെ സ്ഥലം അപഹരിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. നിലവറയുടെ മുകൾഭാഗത്ത് നമസ്കാരം തടയണമെന്നതടക്കമുള്ള ആവശ്യവുമായി മൂന്നോളം അപേക്ഷകൾ ഇപ്പോൾ കോടതിക്ക് മുന്നിലുണ്ട്. ഇതെല്ലാം അനുവദിച്ചാൽ ക്രമേണ മുസ്ലിംകൾക്ക് പള്ളി നഷ്ടപ്പെടുകയാകും ഫലമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മസ്ജിദിൽ പൂജ അനുവദിച്ചുള്ള ജനുവരി 31ലെ വാരാണസി കോടതി വിധി ഫെബ്രുവരി 26ന് അലഹബാദ് ഹൈകോടതി ശരിവെച്ചിരുന്നു. തെക്കേ നിലവറയിലെ വ്യാസ് തെഹ്ഖാനയിൽ നടന്നുവന്നിരുന്ന പൂജ നിർത്തിവെച്ച 1993ലെ യു.പി സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന നിരീക്ഷണത്തോടെയാണ് മസ്ജിദ് കമ്മിറ്റിയുടെ അപ്പീൽ ഹൈകോടതി തള്ളിയത്. പൂജ തുടരാനും അനുമതി നൽകി. നേരത്തേ കോടതി നിർദേശപ്രകാരം മസ്ജിദ് സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) സർവേ നടത്തിയിരുന്നു.
കമാൽമൗല മസ്ജിദിലെ സർവേക്ക് സ്റ്റേയില്ല
ന്യൂഡൽഹി: മധ്യപ്രദേശിലെ ധർ ജില്ലയിലുള്ള കമാൽമൗല മസ്ജിദിൽ ഹിന്ദുക്കളുടെ ഭോജ്ശാലക്കായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നടത്തുന്ന ശാസ്ത്രീയ സർവേ തടയില്ലെന്ന് സുപ്രീംകോടതി. സർവേ റിപ്പോർട്ട് അടിസ്ഥാനമാക്കി കോടതിയുടെ അനുമതിയില്ലാതെ എ.എസ്.ഐ തുടർനടപടി സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിർദേശിച്ചു.
ഭോജ്ശാല സരസ്വതി ക്ഷേത്രമാണെന്നും നിത്യപൂജക്ക് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് ഹിന്ദുസംഘടന സമർപ്പിച്ച ഹരജിയിൽ മാർച്ച് 11ന് മധ്യപ്രദേശ് ഹൈകോടതിയാണ് മസ്ജിദിൽ സർവേ നടത്താൻ എ.എസ്.ഐയോട് ആവശ്യപ്പെട്ടത്. ആറാഴ്ചക്കകം സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദേശം.
‘ഗ്രൗണ്ട് പെനട്രേറ്റിങ്’ എന്ന പുതിയ ശാസ്ത്രീയരീതി ഉപയോഗിച്ച് ഇടവേളയില്ലാതെ പുരാവസ്തു വകുപ്പ് നടത്തുന്ന സർവേ 10 ദിവസം പിന്നിട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് കമാൽമൗല വെൽഫയർ ട്രസ്റ്റ് ചെയർമാനും മുസ്ലിം നേതാവുമായ അബ്ദുൽ സമദാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഖിൽജി കാലഘട്ടത്തിൽ നിർമിച്ച മസ്ജിദാണ് കമാൽമൗല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.