ഗ്യാൻവാപി: വാദം പൂർത്തിയാക്കി മുസ്‍ലിം വിഭാഗം
text_fieldsവാരാണസി: ഗ്യാൻവാപി പള്ളി കേസിൽ മുസ്‍ലിം വിഭാഗം അഭിഭാഷകർ വാരാണസി ജില്ല കോടതിയിൽ വാദം പൂർത്തിയാക്കി. പള്ളിയുടെ ഒരു പുറംഭിത്തിയിൽ ഹൈന്ദവ ആരാധന വിഗ്രഹങ്ങളുണ്ടെന്നും ഇവക്ക് ദിവസവും പൂജ നടത്താൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് അഞ്ചു വനിതകൾ ഹരജി നൽകിയിരുന്നു. ഇതിലാണ് മുസ്‍ലിം വിഭാഗത്തിന്റെ വാദം പൂർത്തിയായതെന്നും ഹിന്ദു വിഭാഗം മറുവാദം തുടങ്ങിയെന്നും വാദം ബുധനാഴ്ചയും തുടരുമെന്നും സർക്കാർ അഭിഭാഷകൻ റാണ സഞ്ജീവ് സിങ് അറിയിച്ചു. കേസ് റദ്ദാക്കണമെന്ന് മുസ്‍ലിം വിഭാഗം ആവശ്യപ്പെട്ടതായി ഹിന്ദു വിഭാഗം അഭിഭാഷകൻ മദൻ മോഹൻ യാദവ് പറഞ്ഞു.
കഴിഞ്ഞ ജൂലൈ നാലിനു നിശ്ചയിച്ചിരുന്ന വാദം, തങ്ങൾക്ക് കൂടുതൽ വാദങ്ങൾ അവതരിപ്പിക്കാനുണ്ടെന്ന മുസ്‍ലിം വിഭാഗത്തിന്റെ അപേക്ഷയെ തുടർന്ന് ജൂലൈ 12ലേക്ക് മാറ്റുകയായിരുന്നു.
കേസിൽ കീഴ്കോടതി നിർദേശത്തെ തുടർന്ന് പള്ളിവളപ്പിൽ വിഡിയോ ചിത്രീകരണ സർവേ നടത്തി ഇക്കഴിഞ്ഞ മേയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ചിത്രീകരണത്തിൽ, പള്ളിയുടെ വുദുഖാനയിൽ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദു വിഭാഗം അവകാശവാദം ഉന്നയിച്ച സംഭവവും ഉണ്ടായി. പിന്നീട് സുപ്രീംകോടതി ഇടപെട്ട് കീഴ്കോടതിയിൽനിന്ന് ജില്ല കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.