ഗ്യാൻവാപി: സർവേ തുടരുന്നു; ഉപയോഗിക്കുന്നത് ജി.പി.ആർ സാങ്കേതികവിദ്യ
text_fieldsവാരാണസി: ഗ്യാൻവാപി പള്ളി പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ(എ.എസ്.ഐ) ശാസ്ത്രീയ സർവേ തുടരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് ക്ഷേത്രാവശിഷ്ടങ്ങൾക്കുമേൽ നിർമിച്ചതാണോ എന്ന് നിർണയിക്കുന്നതു സംബന്ധിച്ച പരിശോധനയാണ് നടക്കുന്നത്. ശനിയാഴ്ച രാവിലെ ആരംഭിച്ച സർവേ വൈകീട്ട് അഞ്ചുവരെ നീണ്ടു.
ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകരായ തൗഹീദ് ഖാൻ, അഖ്ലാഖ്, മുംതാസ് ഉൾപ്പെടെ മുസ്ലിം വിഭാഗത്തിലെ അഞ്ചംഗങ്ങൾ സർവേയിൽ പങ്കെടുക്കുന്നുണ്ട്. സർക്കാർ അഭിഭാഷകൻ രാജേഷ് മിശ്രയും എ.എസ്.ഐ സംഘത്തോടൊപ്പമുണ്ട്.കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിൽ വെള്ളിയാഴ്ച മുസ്ലിം വിഭാഗം സർവേയിൽനിന്ന് വിട്ടുനിന്നിരുന്നു.
എന്നാൽ, സുപ്രീംകോടതി വെള്ളിയാഴ്ച സർവേക്ക് അനുമതി നൽകി. തുടർന്ന് കോടതിവിധി മാനിച്ച് സർവേയുമായി സഹകരിക്കുമെന്ന് കാട്ടി ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ജോയന്റ് സെക്രട്ടറി മുഹമ്മദ് യാസീൻ കത്തു നൽകി.ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്രീയ സർവേയിൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ (ജി.പി.ആർ) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
ഇതുവഴി പള്ളിയുടെ അടിയിൽ ഏതെങ്കിലും കെട്ടിടത്തിന്റെ ഘടനയുണ്ടോയെന്ന് കണ്ടെത്താൻ കഴിയുമെന്ന് മുൻ എ.എസ്.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, വിഗ്രഹങ്ങളുടെ ശകലങ്ങൾ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെത്തിയതായി ഹിന്ദുപക്ഷത്തിന്റെ അഭിഭാഷകൻ സുധീർ ത്രിപാഠി അവകാശപ്പെട്ടു. പ്രധാന താഴികക്കുടത്തിന് കീഴിലുള്ള സെൻട്രൽ ഹാൾ എ.എസ്.ഐ പരിശോധിക്കുന്നുണ്ടെന്ന് ഹിന്ദുപക്ഷത്തിന്റെ മറ്റൊരു അഭിഭാഷകൻ സുഭാഷ് നന്ദൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.