ഗ്യാൻവാപി സർവേ റിപ്പോർട്ട്: വീണ്ടും സമയം നീട്ടിനൽകി കോടതി
text_fieldsവാരാണസി: ഗ്യാൻവാപി മസ്ജിദ് വളപ്പിൽ സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക്(എ.എസ്.ഐ) 10 ദിവസം കൂടി അനുവദിച്ച് വാരാണസി ജില്ല കോടതി. മൂന്നാഴ്ചകൂടി അനുവദിക്കണമെന്ന എ.എസ്.ഐയുടെ അപേക്ഷ പരിഗണിച്ചാണ് ജഡ്ജി എ.കെ. വിശ്വേഷ്, 10 ദിവസം കൂടി അനുവദിച്ചത്. ഇനിയും കൂടുതൽ സമയം ചോദിക്കില്ലെന്നാണ് കരുതുന്നതെന്ന് ജഡ്ജി പറഞ്ഞതായും ഹിന്ദു വിഭാഗം അഭിഭാഷകൻ മദൻ മോഹൻ യാദവ് അറിയിച്ചു. കേസിൽ അടുത്ത വാദം ഡിസംബർ 11ന് കേൾക്കുമെന്നും യാദവ് പറഞ്ഞു.
വിവിധ വിദഗ്ധരിൽനിന്ന് ലഭിച്ച വിവരങ്ങൾ ക്രോഡീകരിക്കാനായി കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് എ.എസ്.ഐ കോടതിയിലെത്തിയത്. 17ാം നൂറ്റാണ്ടിലെ പള്ളി ക്ഷേത്രാവശിഷ്ടങ്ങൾക്കു മുകളിലാണ് പണിതതെന്ന ആരോപണത്തിലാണ്, ഗ്യാൻവാപി വളപ്പിലെ സീൽ ചെയ്തത് ഒഴികെയുള്ള ഭാഗങ്ങളിൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടത്. മതിയായ ഒരു കാരണവുമില്ലാതെയാണ് സർവേ സമയം നീട്ടിനൽകാൻ നിരന്തരം ആവശ്യപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം വിഭാഗം അഭിഭാഷകൻ മുഹമ്മദ് ഇഹ്ലാഖ് എ.എസ്.ഐ ഹരജിയെ ശക്തമായി എതിർത്തു. റിപ്പോർട്ട് സമർപ്പിക്കാൻ ഏതെങ്കിലും ഒരു അവസാന തീയതി നൽകണമെന്നും ഇപ്പോൾ നിർദേശിച്ച സമയത്തിനുള്ളിൽ സമർപ്പിക്കാൻ ഉത്തരവിടണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
നവംബർ 28ന് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നത്. പുരാവസ്തു ഗവേഷകരും സർവേയർമാരും മറ്റു വിദഗ്ധരും ശേഖരിച്ച വിവിധതരം വിവരങ്ങൾ വിവിധതരം സങ്കേതങ്ങൾ ഉപയോഗിച്ച് ക്രോഡീകരിക്കേണ്ടതുണ്ടെന്നും ഇതിന് ഏറെ സമയം ആവശ്യമാണെന്നും എ.എസ്.ഐ വാദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.