ഗ്യാൻവാപി: ഹൈകോടതിയിൽ ഇന്ന് വാദം തുടരും
text_fieldsപ്രയാഗ് രാജ്: ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുവിഭാഗത്തിന് പൂജ അനുവദിച്ചതുമായി ബന്ധപ്പെട്ട ഹരജിയിൽ അലഹബാദ് ഹൈകോടതി ഹിന്ദു, മുസ്ലിം വിഭാഗങ്ങളുടെ വാദംകേട്ടു. വാദംകേൾക്കൽ ബുധനാഴ്ചയും തുടരുമെന്ന് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ വ്യക്തമാക്കി.
ഗ്യാൻവാപിയിൽ പൂജ അനുവദിച്ച ജില്ല കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ചുമൻ മസ്ജിദ് ഇൻതിസാമിയ കമ്മിറ്റി കഴിഞ്ഞ വെള്ളിയാഴ്ചയാണ് അലഹബാദ് ഹൈകോടതിയെ സമീപിച്ചത്. ഈ ആവശ്യം ഹൈകോടതി തള്ളിയിരുന്നു. അപ്പീലിനുപോലും അവസരം നൽകാതെ മസ്ജിദിന്റെ അടിഭാഗത്തുള്ള തെക്കേ നിലവറക്കകത്ത് ജില്ല മജിസ്ട്രേറ്റും കമീഷണറും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സി.ഇ.ഒയും ചേർന്ന് അർധരാത്രി വിഗ്രഹം കൊണ്ടുവന്നുവെച്ച് തുടങ്ങിയ പൂജ തടയണമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. പള്ളിയിൽ പൂജക്ക് ഉത്തരവിടുംമുമ്പ് പള്ളിക്കമ്മിറ്റിയുടെ ഭാഗം ജില്ല കോടതി കേട്ടിരുന്നോ എന്ന് ചോദിച്ചശേഷമാണ് കഴിഞ്ഞയാഴ്ച ഹൈകോടതി ഹരജി മാറ്റിയത്. ക്രമസമാധാനനില കാത്തുസൂക്ഷിക്കണമെന്ന് സംസ്ഥാന സർക്കാറിന് നിർദേശവും നൽകിയിരുന്നു.
മുസ്ലിം വിഭാഗത്തിനുവേണ്ടി ചൊവ്വാഴ്ച മുതിർന്ന അഭിഭാഷകൻ എസ്.എഫ്.എ. നഖ്വി ഹൈകോടതിയിൽ ഹാജരായി. കേസിന്റെ ആദ്യഘട്ടത്തിൽതന്നെ ജില്ല കോടതി അന്തിമവിധി പ്രസ്താവിച്ചത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വാദിച്ചു. ജഡ്ജിയുടെ വിരമിക്കൽ ദിനത്തിൽ, തിടുക്കത്തിൽ വിധി പറയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു (വാരാണസി ജില്ല ജഡ്ജി അജയ കൃഷ്ണ വിശ്വേശ ജനുവരി 31നാണ് വിരമിച്ചത്). നേരത്തേയുള്ള ഉത്തരവുകളുടെയും കോടതിനിർദേശങ്ങളുടെയും തുടർച്ചയാണ് ജനുവരി 31ന് ജില്ല കോടതി പുറപ്പെടുവിച്ച വിധിയെന്ന് ഹിന്ദുപക്ഷത്തിന്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയ്ൻ ഹൈകോടതിയിൽ പറഞ്ഞു. പൂജ നടത്തുന്നതുകൊണ്ട് ആർക്കും ഉപദ്രവമില്ലെന്നും നേരത്തേ നടന്നുവന്ന പൂജ 1993ലാണ് നിർത്തിയതെന്നും അദ്ദേഹം തുടർന്നു.
ഗ്യാൻവാപി മസ്ജിദിന്റെ തെക്കേ നിലവറ ഹിന്ദുക്കൾക്ക് പൂജക്കായി ഒരാഴ്ചക്കകം തുറന്നുകൊടുക്കണമെന്നായിരുന്നു കഴിഞ്ഞയാഴ്ച വാരാണസി കോടതി ഉത്തരവെങ്കിലും ജില്ല ഭരണകൂടം ബുധനാഴ്ച രാത്രിതന്നെ തിരക്കിട്ട് വിഗ്രഹം പ്രതിഷ്ഠിച്ച് പൂജ തുടങ്ങുകയായിരുന്നു. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി വ്യാഴാഴ്ച പുലർച്ച മൂന്നുമണിക്ക് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഈ ആവശ്യവുമായി അലഹബാദ് ഹൈകോടതിയിലേക്ക് പോകാനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിർദേശിച്ചത്.
നിലവറകളിൽ എ.എസ്.ഐ സർവേ: തുടർവാദം 15ന്
ലഖ്നോ: ഗ്യാൻവാപി പള്ളിയുടെ അടച്ചുപൂട്ടിയ നിലവറകളിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സർവേ നടത്തണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഫെബ്രുവരി 15ന് തുടർവാദം കേൾക്കുമെന്ന് ജില്ല കോടതി. നിലവറയിൽ രഹസ്യ അറകളുണ്ടെന്നും ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട മുഴുവൻ സത്യവും പുറത്തുകൊണ്ടുവരാൻ സർവേ അനിവാര്യമാണെന്നുമാണ് രാഖി സിങ് സമർപ്പിച്ച ഹരജിയിലെ വാദം.
പരിശോധന നടത്താത്ത ആറ് നിലവറകൾ ഗ്യാൻവാപി പള്ളിയിലുണ്ടെന്നും 1991ലെ വിധിയിൽ സർവേ നടത്തണമെന്ന് ഹൈകോടതി ഉത്തരവിട്ടിട്ടുണ്ടെന്നും ഹരജിയിൽ പറഞ്ഞു. എന്നാൽ, മസ്ജിദ് കമ്മിറ്റിക്കുവേണ്ടി ഹാജരായ അഭിഭാഷകർ ആവശ്യത്തെ എതിർത്തു. സർവേ നടത്തണമെന്ന ഹൈകോടതി ഉത്തരവില്ലെന്നും അവർ വാദിച്ചു. ഇരു ഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് കേസ് 15ലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.