ഗ്യാൻവാപി; ആരാധന നടത്തണമെന്ന ഹരജിയിൽ വിധി 14ന്
text_fieldsവാരാണസി: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ കണ്ടെത്തിയതായി അവകാശപ്പെടുന്ന 'ശിവലിംഗ'ത്തിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ വാരാണസി അതിവേഗ കോടതി ഈ മാസം 14ന് വിധി പറയും.
ഇരുകക്ഷികളുടെയും വാദം കേട്ട കോടതി നവംബർ എട്ടിന് വിധി പുറപ്പെടുവിക്കുമെന്ന് ഒക്ടോബർ 26ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, സിവിൽ ജഡ്ജി മഹേന്ദ്ര പാണ്ഡെ അവധിയിലായതിനാലാണ് വിധി നീട്ടിയതെന്ന് സർക്കാർ അഭിഭാഷകൻ സുലഭ് പ്രകാശ് പറഞ്ഞു.
'ശിവലിംഗ'ത്തിൽ ആരാധന നടത്താൻ അനുവദിക്കണമെന്നും ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ പ്രവേശിക്കുന്നതിൽനിന്ന് മുസ്‍ലിംകളെ വിലക്കണമെന്നും ആവശ്യപ്പെട്ട് വിശ്വവേദിക് സനാതൻ സംഘ് ജനറൽ സെക്രട്ടറി കിരൺ സിങ്ങാണ് മേയ് 24ന് വാരാണസി ജില്ല കോടതിയിൽ ഹരജി നൽകിയത്. മസ്ജിദ് സമുച്ചയം വിശ്വവേദിക് സനാതൻ സംഘിന് കൈമാറണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, മേയ് 25ന് ഹരജി ജില്ല ജഡ്ജി എ.കെ. വിശ്വേഷ് ഹരജി അതിവേഗ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ജില്ല മജിസ്ട്രേറ്റ്, പൊലീസ് കമീഷണർ, മസ്ജിദിന്റെ നടത്തിപ്പുകാരായ അൻജുമൻ ഇൻതിസാമിയ കമ്മിറ്റി, വിശ്വനാഥ് ക്ഷേത്ര ട്രസ്റ്റ് എന്നിവരാണ് കേസിലെ എതിർകക്ഷികൾ. കോടതി നിർദേശപ്രകാരം മസ്ജിദ് സമുച്ചയത്തിൽ നടത്തിയ വിഡിയോ സർവേയിൽ 'ശിവലിംഗം' കണ്ടെത്തിയെന്നാണ് ഹിന്ദു വിഭാഗത്തിന്റെ അവകാശവാദം.
എന്നാൽ, ഇത് വിശ്വാസികൾക്ക് നമസ്കാരത്തിന് അംഗശുദ്ധി വരുത്താനുള്ള വുദുഖാനയിലെ ജലധാരയുടെ ഭാഗമാണെന്ന് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. വിഷയത്തിന്റെ സങ്കീർണത കണക്കിലെടുത്ത് ഹരജി മുതിർന്ന ജില്ല ജഡ്ജി പരിഗണിക്കണമെന്ന് മേയ് 20ന് സുപ്രീംകോടതി ഉത്തരവിട്ടു.
ഗ്യാൻവാപി മസ്ജിദിന് സമീപത്തെ ഭൂമിക്കടിയിൽ സർവേ നടത്തണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു ഹരജി ജില്ല ജഡ്ജി എ.കെ. വിശ്വേഷ് ഈ മാസം 11ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.