മോചനദ്രവ്യം ആവശ്യപ്പെട്ട് ഹാക്കിങ്: സ്പൈസ് ജെറ്റ് സർവീസുകൾ വൈകി
text_fieldsന്യൂഡൽഹി: മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് സ്പൈസ് ജെറ്റിനു നേരെ സൈബർ ഹാക്കിങ്. കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ നിലച്ചതോടെ നിരവധി വിമാനങ്ങൾ വൈകി. നൂറുകണക്കിന് യാത്രക്കാർ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങി. എന്നാൽ ഫ്ലൈറ്റുകൾ വൈകിയതിന് യാത്രക്കാർക്ക് വിശദീകരണവും ലഭ്യമായില്ല.തുടർന്ന് സ്പൈസ് ജെറ്റിന്റെത് മോശം സർവീസാണെന്ന് ആളുകൾ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടു.
സമൂഹ മാധ്യമങ്ങളിലെ രൂക്ഷമായ വിമർശനങ്ങൾക്ക് പിന്നാലെയാണ് സൈബർ ഹാക്കിങ് ഉണ്ടായെന്ന വിശദീകരണവുമായി കമ്പനി രംഗത്തെത്തിയത്.
കമ്പനിയുടെ ഐ.ടി ടീം സാഹചര്യം കൈകാര്യം ചെയ്തിട്ടുണ്ട്. നിലവിൽ ഫ്ലൈറ്റുകൾ സാധാരണ പോലെ സർവീസ് നടത്തുന്നുണ്ട് എന്ന് സ്പൈസ് ജെറ്റ് പ്രസ്താവനയിൽ അറിയിച്ചു. 'കഴിഞ്ഞ രാത്രി സ്പൈസ് ജെറ്റ് സംവിധാനങ്ങൾ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സൈബർ ആക്രമണത്തിന് ഇരയായി. ഇത് രാവിലെയുള്ള വിമാനങ്ങളുടെ സർവീസിനെ ബാധിച്ചു. കമ്പനിയുടെ ഐ.ടി സംഘം സ്ഥിതിഗതികൾ മനസിലാക്കി കൈകാര്യം ചെയ്തു. വിമാനങ്ങൾ നിലവിൽ സാധാരണപോലെ സർവീസ് നടത്തുന്നുണ്ട്' -സ്പൈസ് ജെറ്റ് ട്വീറ്റ് ചെയ്തു.
എന്നാൽ ഇപ്പോഴും വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പല യാത്രക്കാരും ട്വീറ്റ് ചെയ്തു. എപ്പോൾ ഇവിടെ നിന്ന് പോകാനാകുമെന്നതിനെ കുറിച്ച് സ്പൈസ് ജെറ്റ് ഒന്നും പറയുന്നില്ലെന്നും യാത്രക്കാർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.