രാജ്യസഭ സ്ഥാനാർഥിക്ക് വോട്ട് മറിക്കാൻ 25കോടി വാഗ്ദാനം ചെയ്തതായി രാജസ്ഥാൻ മന്ത്രി
text_fieldsജയ്പൂർ: അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനായി തനിക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തതായി രാജസ്ഥാനിലെ സൈനിക ക്ഷേമ സഹമന്ത്രി രാജേന്ദ്ര ഗുധ. ജുൻജുനുവിലെ ഒരു സ്വകാര്യ സ്കൂളിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വാഗ്ദാനങ്ങൾ താൻ നിരസിച്ചു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആരാണ് പണം വാഗ്ദാനം ചെയ്തതെന്ന് വ്യക്തമാക്കിയിട്ടില്ല. ഗെഹ്‌ലോട്ട് സർക്കാരിനെതിരെ സച്ചിൻ പൈലറ്റ് നടത്തിയ നീക്കത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
'സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി നടക്കുമ്പോൾ എനിക്ക് 60 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. തുടർന്ന് ഞാൻ എന്റെ കുടുംബവുമായി സംസാരിച്ചു. പണമല്ല നല്ല മനസ്സാണ് വേണ്ടതെന്ന് എന്റെ ഭാര്യയും മകനും മകളും പറഞ്ഞു. കൂടെയുള്ളവർ അങ്ങനെ വിചാരിക്കുമ്പോൾ എല്ലാം ശരിയാകും'- സ്കൂൾ വിദ്യാർത്ഥിനിയുടെ ചോദ്യത്തിന് മറുപടിയായി രാജേന്ദ്ര ഗുധ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് 25കോടി വാഗ്ദാനം ചെയ്തുവെന്ന് മന്ത്രി പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പി സ്ഥാനാർത്ഥിയായി വിജയിച്ച ഗുധ 2019 ൽ കോൺഗ്രസിൽ ചേർന്നു. 2020 ജൂലൈയിൽ സച്ചിൻ പൈലറ്റും മറ്റ് 18 കോൺഗ്രസ് എം.എൽ.എമാരും രാജസ്ഥാൻ മുഖ്യമന്ത്രി ഗെഹ്ലോട്ടിനെതിരെ നിലയുറപ്പിച്ചപ്പോൾ ഗുധ ഗെഹ്ലോട്ടിന്‍റെ പക്ഷത്ത് തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.