ജയിലിൽ വെച്ച് മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; മധുരം കഴിച്ചത് ആറു തവണ -കെജ്രിവാൾ കോടതിയിൽ
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിക്കുന്നതിന്നതിനായി ജയിലിൽ മാങ്ങയും മധുരവും കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയാണെന്ന ആരോപണം തള്ളി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തിഹാർ ജയിലിൽ കഴിയവേ 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചിരുന്നു. അതിൽ മൂന്ന് തവണ മാത്രമാണ് മാങ്ങ ഉണ്ടായിരുന്നതെന്ന് കെജ്‌രിവാൾ ഡൽഹിയിലെ റോസ് അവന്യു കോടതിയെ അറിയിച്ചു. ആറു തവണ മാത്രമാണ് മധുരം കഴിച്ചതെന്നും പഞ്ചസാരയിട്ട ചായ കുടിക്കാറില്ലെന്നും കെജ്രിവാൾ പറഞ്ഞു.
അതിനിടെ, ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സമയത്ത് കോടതി അംഗീകരിച്ച ഭക്ഷണക്രമമാണോ കെജ്‌രിവാൾ പാലിച്ചതെന്ന് പരിശോധിക്കുമെന്ന് റൗസ് അവന്യു കോടതി വ്യക്തമാക്കി.
ഏപ്രിൽ എട്ടിനുശേഷം മാങ്ങ കഴിച്ചിട്ടില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിന് ശേഷം മൂന്നുതവണ മാത്രമാണ് മാങ്ങ കഴിച്ചത്. പൂരിയും ഉരുളകിഴങ്ങ് കറിയും കഴിക്കുന്നു എന്ന ആരോപണവും കെജ്‌രിവാൾ തള്ളി. നവരാത്രി പ്രസാദമായി എത്തിച്ച പൂരിയും ഉരുളക്കിഴങ്ങ് കറിയുമാണ് ഒരുതവണ കഴിച്ചതെന്നും കെജ്രിവാളിന്റെ അഭിഭാഷകൻ മനു അഭിഷേക് സിങ്‍വി കോടതിയെ അറിയിച്ചു.
എന്നാൽ, പ്രമേഹ രോഗിക്ക് ഡോക്ടർ നിശ്ചിയിച്ചിട്ടുള്ള ഡയറ്റ് ചാർട്ട് പ്രകാരമുള്ള ഭക്ഷണമല്ല കെജ്‌രിവാൾ കഴിക്കുന്നതെന്ന് ഇ.ഡിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഡയറ്റ് ചാർട്ടിൽ മധുരവും പഴങ്ങളും കഴിക്കണമെന്ന് പറഞ്ഞിട്ടില്ല. ഡോക്ടർ നിഷ്കർഷിച്ച ഡയറ്റ് പാലിക്കാത്തതിനാലാണ് കെജ്‌രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതൽ കാണിക്കുന്നതെന്നും ഇ.ഡി കോടതിയിൽ ചൂണ്ടിക്കാട്ടി.
ജയിലിൽ ഇൻസുലിൻ നൽകുന്നതടക്കമുള്ള ആവശ്യങ്ങൾ കാണിച്ച് കെജ്രിവാൾ കോടതിയിൽ നൽകിയ ഹരജി വിധി പറയാനായി ഡൽഹി കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
മധുരം കഴിച്ച് കെജ്രിവാൾ പ്രമേഹം വർധിപ്പിച്ച് ജാമ്യം നേടാൻ ശ്രമിക്കുകയാണെന്നായിരുന്നു ഇ.ഡിയുടെ വാദം. എന്നാൽ ഇത്തരം ആരോപണങ്ങളിലൂടെ കോടതിയെ സ്വാധീനിച്ച് വീട്ടിൽ നിന്ന് ഭക്ഷണം ലഭിക്കുന്നത് നിർത്തിച്ച് കെജ്രിവാളിനെ കൊല്ലാനാണ് ബി.ജെ.പിയും ഇ.ഡിയും ശ്രമിക്കുന്നതെന്ന് എ.എ.പി ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.