'ഭയമുണ്ടായിരുന്നെങ്കിലും ചിന്തിച്ചു നിൽക്കാൻ സമയമില്ലായിരുന്നു'; മയൂർ ഷെൽക്കെക്ക് അഭിനന്ദന പ്രവാഹം
text_fieldsമുംബൈ: റെയിൽവെ പ്ലാറ്റ്ഫോമിലൂടെ അമ്മയും കുട്ടിയും നടന്നു പോകുന്നതിനിടെ കുട്ടി കാൽ തെറ്റി ട്രാക്കിലേക്ക് വീണുപോകുന്നു, പശ്ചാത്തലത്തിൽ കുതിച്ചു വരുന്ന എക്സ്പ്രസ് ട്രെയിൻ, അലമുറയിട്ട് കരയുന്ന അമ്മക്കു മുന്നിലേക്ക് എവിടെ നിന്നോ ഒരു ദൈവദൂതനെപ്പോലെ ഒരാൾ ഓടി വരുകയും ട്രെയിനിന്‍റെ ഏതാനും വാര അകലെ വച്ച് കുട്ടിയെ ട്രാക്കിൽ നിന്ന് കോരിയെടുത്ത് പ്ലാറ്റ്ഫോമിലേക്ക് വെച്ച ശേഷം അദ്ദേഹവും കയറി രക്ഷപ്പെടുന്നു... സിനിമാരംഗങ്ങളെ വെല്ലുന്ന ഇൗ സി.സി.ടി.വി ദൃശ്യങ്ങൾ വൈറലാണ്.
റെയിൽവെയിലെ പോയിന്റ്സ്മാനായ മയൂർ ശഖറാം ഷെൽക്കെയാണ് രക്ഷകനായ ആ ഹീറോ. താൻ തന്‍റെ ജോലി മാത്രമാണ് ചെയ്തതെന്നാണ് ഇതേക്കുറിച്ച് 30കാരനായ അദ്ദേഹത്തിന്‍റെ പ്രതികരണം.
''അത് വളരെ വേഗത്തിൽ വരുന്നൊരു എക്സ്പ്രസ് ട്രെയിനായിരുന്നതിനാൽ ആദ്യം കുറച്ച് ഭയമുണ്ടായിരുന്നു. പക്ഷേ ചിന്തിച്ചു നിൽക്കാൻ സമയമില്ലായിരുന്നു. കുട്ടിയെ രക്ഷിക്കണമന്ന് ഞാൻ തീരുമാനിച്ചു.'' -മയൂർ ഷെൽക്കെ പറഞ്ഞു.
ബാംഗ്ലൂർ-മുംബൈ ഉദ്യാൻ എക്സ്പ്രസിന് ഫ്ലാഗ് ഓഫ് ചെയ്യാനിരിക്കെയാണ് പോയിന്റ്സ്മാനായ മയൂർ ഷെൽക്കെ കുട്ടി റെയിൽവെ ട്രാക്കിലേക്ക് വീഴുന്നത് കണ്ടത്. ഉടനെ തന്നെ അദ്ദേഹം ഓടിയടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടി ട്രാക്കിലേക്ക് വീണതോടെ താൻ ഭയന്നു പോയെതന്ന് അന്ധയായ മാതാവ് സംഗീത പറഞ്ഞു.
''ഞാൻ പേടിച്ചുപോയി. ആ മനുഷ്യൻ വന്ന് എന്‍റെ മകനെ രക്ഷിച്ചു. എന്‍റെ മകന് വേണ്ടി അദ്ദേഹം സ്വന്തം ജീവൻ അപകടത്തിലാക്കി. അദ്ദേഹം കാരണം മാത്രമാണ് ഇന്ന് എന്‍റെ മകൻ എനിക്കൊപ്പമുള്ളത്. എന്‍റെ ആറുവയസ്സുള്ള മകൻ എന്‍റെ ഏക പിന്തുണയാണ്, എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്ന് ഞാൻ അദ്ദേഹത്തിന് നന്ദി പറയുന്നു.'' -സംഗീത പറഞ്ഞു.
മയൂർ ഷെൽക്കെക്ക് അഭിനന്ദന പ്രവാഹമാണ്. റെയിൽവെമന്ത്രി പീയുഷ് ഗോയൽ അദ്ദേഹത്തെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു.
"മയൂർ ചെയ്തത് പുരസ്കാരത്തിനും ക്യാഷ് പ്രൈസിനും സർട്ടിഫിക്കറ്റിനുമൊക്കെ അപ്പുറമുള്ള കാര്യമാണ്, എന്നിരുന്നാലും ഞങ്ങൾ ഞങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുകയും അദ്ദേഹത്തിന് ഉയർന്ന ബഹുമതി നൽകുകയും ചെയ്യും. സ്വന്തം ജീവൻ പോലും അപകടത്തിലാക്കി ഒരു ജീവൻ രക്ഷിച്ച അദ്ദേഹം ഇന്ത്യൻ റെയിൽവെയുടെ ഹൃദയം കവർന്നു. അദ്ദേഹത്തെ അഭിനന്ദിക്കാൻ വാക്കുകളില്ല.'' - പീയുഷ് ഗോയൽ പറഞ്ഞു.
പുനെക്കടുത്താണ് മയൂർ ഷെൽക്കെയുടെ സ്വദേശം. 2016 മാർച്ചിൽ റെയിൽെവയിൽ ജോലിയിൽ പ്രവേശിച്ചത്. ബിരുദധാരിയായ മയൂർ എട്ട് മാസത്തോളമായി വംഗാനി സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.