30 മിനുട്ട് ആൾക്കൂട്ടത്തിന് നടുവിൽ പെട്ടു, അനങ്ങാനായില്ല; പൊലീസ് ആൾക്കൂട്ടത്തെ നിയന്ത്രിച്ചില്ലെന്ന് രാഹുൽ
text_fieldsശ്രീനഗർ: ഭാരത് ജോഡോ യാത്ര കശ്മീരിൽ താത്കാലികമായി നിർത്തേണ്ടി വന്നത് സുരക്ഷാ വീഴ്ചയുണ്ടായതിനാലെന്ന് രാഹുൽ ഗാന്ധി. കശ്മീരിൽ ഇന്ന് 20 കിലോമീറ്റർ നടക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ യാത്ര നിർത്തേണ്ടി വരികയായിരുന്നു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ലയും രാഹുലിനൊപ്പം യാത്രയിലുണ്ടായിരുന്നു.
ശ്രീനഗറിലേക്കുള്ള യാത്രാമധ്യേ രാഹുൽ ഗാന്ധി ബനിഹാൽ ടണൽ കടക്കുമ്പോൾ അദ്ദേഹത്തെ കാണാനായി വൻ ജനക്കൂട്ടം കാത്തുനിന്നിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ആൾക്കൂട്ടത്തെ നിയന്ത്രിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥരെ എവിടെയും കാണാനുണ്ടായിരുന്നില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഞങ്ങൾ ടണലിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം പൊലീസ് ക്രമീകരണങ്ങളെല്ലാം തകർന്നു. ആളുകൾ ഇടിച്ചു കയറിയത് എന്റെ സുരക്ഷ ഉദ്യോഗസ്ഥരെ അത് അസ്വസ്ഥരാക്കി. അതിനാൽ ഞങ്ങൾക്ക് യാത്ര റദ്ദാക്കേണ്ടിവന്നു. എന്റെ സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നതിനപ്പുറം പോകാൻ എനിക്ക് സാധിക്കില്ല. അതിനാൽ നടത്തം നിർത്തേണ്ടിവന്നു -രാഹുൽ ഗാന്ധി പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും കോൺഗ്രസ് എം.പി കൂട്ടിച്ചേർത്തു.
പൊലീസ് ഉദ്യോഗസ്ഥരെ പെട്ടെന്ന് പിൻവലിച്ച ജമ്മു കശ്മീർ ഭരണകൂടം ജനക്കൂട്ടത്തെ കൈകാര്യം ചെയ്തതും തെറ്റായ രീതിയിലായിരുന്നുവെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
ജനക്കൂട്ടത്തിനിടയിൽ പെട്ട് 30 മിനിറ്റോളം രാഹുൽ ഗാന്ധിക്ക് അനങ്ങാനായില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഒടുവിൽ അദ്ദേഹത്തെ സുരക്ഷാ വാഹനത്തിൽ കയറ്റി സംഘം യാത്ര അവസാനിപ്പിച്ചു.
‘ഞങ്ങൾ ബനിഹാൽ ടണൽ കടന്നതിന് ശേഷമാണ് പൊലീസിനെ പിൻവലിച്ചത്. ആരാണ് ഇതിന് ഉത്തരവിട്ടത്? ഉത്തരവാദികളായ അധികാരികൾ ഈ വീഴ്ചക്ക് മറുപടി നൽകുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കുകയും വേണം.’ കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പറഞ്ഞു.
15 മിനിറ്റോളം ഭാരത് ജോഡോ യാത്രക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്നും ഇത് വളരെ ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.