ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹം; ബലാൽസംഗ കേസല്ലെന്നും സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഹാദിയ കേസില്‍ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. സ്വന്തം താൽപര്യത്തോടെയല്ല ഹാദിയ വിവാഹം കഴിച്ചതെന്ന് കോടതിക്ക് പറയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. പ്രായപൂർത്തിയായ ഒരു യുവതി വിവാഹം കഴിച്ചത് ശരിയായ ആളെ അല്ലെന്ന് കോടതിക്ക് അഭിപ്രായപ്പെടാൻ സാധിക്കില്ലെന്ന് ജസ്റ്റിസുമാരായ എ.എം ഖൻവികർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവർ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.
വിവാഹം പരസ്പര സമ്മത പ്രകാരമാണെന്ന് ഹാദിയയും ഷെഫിനും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ പരസ്പര സമ്മതത്തോടെയുള്ള വിവാഹമാണിത്. വിദേശത്തേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാരല്ലേയെന്ന് ചോദിച്ച കോടതി ഇത് ബലാൽസംഗ കേസല്ലെന്നും ചൂണ്ടിക്കാട്ടി.
കോടതിയിൽ ഹാദിയ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മറുപടി നല്കാന് എൻ.ഐ.എക്കും പിതാവ് അശോകനും അനുമതി നല്കി. കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാര്‍ച്ച് എട്ടിലേക്ക് മാറ്റി. അതിനിടെ, സത്യവാങ്മൂലത്തില്‍ രാഹുല്‍ ഈശ്വറിനെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചു.
വിവാഹ ശേഷം അന്യായമായി തടങ്കലിലിട്ട് പീഡിപ്പിച്ചതിന് നഷ്ടപരിഹാരം തേടി ഹാദിയ ചൊവ്വാഴ്ച സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പൊലീസ് കാവലും മറ്റുമായി വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. വിശ്വാസപ്രകാരം അനുവദനീയമായ ഭക്ഷണം കഴിക്കുന്നതിനും നമസ്കരിക്കുന്നതിനും നോെമ്പടുക്കുന്നതിനും തടസ്സം നേരിട്ടു. അന്യായമായ തടങ്കലിൽ അനുഭവിച്ച ഇത്തരം പീഡനങ്ങൾക്കാണ് നഷ്ടപരിഹാരം ചോദിക്കുന്നതെന്ന് ഹാദിയ ബോധിപ്പിച്ചു. ഇതോടൊപ്പം മുസ്ലിം ആയി തുടർന്നും ജീവിക്കണമെന്നും അതിനുള്ള പൂര്‍ണസ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും സത്യവാങ്മൂലത്തിലുണ്ട്.
മതംമാറ്റം, ഷഫിന്‍ ജഹാനുമായുള്ള വിവാഹം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി ഹാദിയക്ക് സത്യവാങ്മൂലം സമര്‍പ്പിക്കാൻ ചീഫ് ജസ്റ്റിസ് അനുവാദം നൽകിയിരുന്നത്. വിവാഹ ശേഷം വീട്ടുതടങ്കലിലാക്കിയപ്പോൾ ഇസ്ലാമിൽ നിന്ന് പിന്മാറുന്നതിന് ശിവശക്തി യോഗ സെന്ററിൽ നിന്നടക്കം നിരവധി പേർ സമ്മർദവുമായി വന്നിരുന്നുവെന്നും ഹാദിയ ബോധിപ്പിച്ചു.
അതേസമയം, സത്യസരണിക്കും സൈനബക്കുമെതിരെ ഭീകരവാദം അടക്കമുള്ള ആരോപണങ്ങളുമായി ഹാദിയയുടെ പിതാവ് അശോകനും കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഹാദിയയുടെ മതംമാറ്റവും ഷഫിൻ ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ഇതുവരെ ഉന്നയിച്ച തീവ്രവാദ, ഭീകരവാദ ആരോപണങ്ങൾ ആവർത്തിക്കുകയാണ് അശോകൻ ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.