ഹജ്ജ് യാത്ര: നവംബർ ആദ്യം നടപടി തുടങ്ങും
text_fieldsന്യൂഡൽഹി: വാക്സിനേഷൻ അടക്കം കോവിഡുകാല മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് 2022ലെ ഹജ്ജ് തീർഥാടകരെ തിരഞ്ഞെടുക്കുകയെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. നവംബർ ആദ്യവാരം ഹജ്ജ് യാത്ര സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
ഇതോടെ ഓൺലൈൻ അപേക്ഷ സ്വീകരിച്ചു തുടങ്ങും. ഹജ്ജ് യാത്ര അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കൊപ്പം സൗദി അറേബ്യ മുന്നോട്ടുവെക്കുന്ന മാർഗനിർദേശങ്ങളും പാലിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഹജ്ജ് തീർഥാടകർക്ക് ഡിജിറ്റൽ ആരോഗ്യ കാർഡ് നൽകും. യാത്ര, താമസം തുടങ്ങിയ വിവരങ്ങളെല്ലാം ലഭ്യമാക്കും. ഇതടക്കം ഇത്തവണ ഹജ്ജ് ക്രമീകരണങ്ങൾ പൂർണമായും ഡിജിറ്റലായിരിക്കും.
കോവിഡ്, ആരോഗ്യ, ശുചിത്വ മാർഗനിർദേശങ്ങൾക്കായി പ്രത്യേക പരിശീലന പരിപാടി ഉണ്ടാവും. കോവിഡ് സാഹചര്യങ്ങൾ മുൻനിർത്തിയാണ് പ്രായപരിധിയോടെ യോഗ്യത മാനദണ്ഡങ്ങൾ കൊണ്ടുവരുന്നത്. പുരുഷ രക്ഷാകർത്താക്കൾ ഒപ്പമില്ലാതെ തന്നെ ഹജ്ജിന് പോകാൻ രണ്ടു തവണയായി 3,000ൽപരം സ്ത്രീകൾ അപേക്ഷിച്ചിരുന്നു. അവ ഇക്കുറി പരിഗണിക്കും. കൂടുതൽ പേർക്ക് ഇതിനായി അേപക്ഷിക്കാം. ഈ അപേക്ഷകൾ നറുക്കെടുപ്പിൽ നിന്ന് ഒഴിവാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.