ഹജ്ജ്: സ്വകാര്യ ഏജന്‍സികളുടെ അന്യായ നിരക്ക് പരിശോധിക്കും -കേന്ദ്രം
text_fieldsന്യൂഡല്‍ഹി: സ്വകാര്യ ഹജ്ജ് ടൂര്‍ ഓപറേറ്റര്‍മാര്‍ തീര്‍ഥാടകരില്‍നിന്ന് അന്യായ ചാര്‍ജ് ഈടാക്കുന്ന പ്രശ്നം പരിശോധിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. അഞ്ചു ലക്ഷം രൂപവരെ വാങ്ങുന്ന സ്വകാര്യ ഏജന്‍സികളുടെ ചൂഷണം അവസാനിപ്പിക്കണമെന്ന എം.ഐ. ഷാനവാസിന്‍െറ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സ്വകാര്യ ഏജന്‍സികള്‍ യാത്രക്ക് അത്രത്തോളം തുക ഈടാക്കുന്നതായി തോന്നുന്നില്ല. മുന്തിയ ഹോട്ടലുകളില്‍ താമസിക്കുമ്പോഴും മറ്റുമാണ് ഇത്രയും വലിയ തുക കൊടുക്കേണ്ടി വരുന്നത്. ഏതായാലും വിഷയം സര്‍ക്കാര്‍ പരിശോധിക്കും. ഹജ്ജ് നയം മെച്ചപ്പെടുത്തുന്നതിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച ആറംഗ സമിതി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഒപ്പം ഇത്തരം വിഷയങ്ങള്‍ക്കും പരിഹാരമുണ്ടാവും. ലോക്സഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു ന്യൂനപക്ഷകാര്യ മന്ത്രി. ഈ ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായാണ് മന്ത്രി ചോദ്യോത്തരവേളയില്‍ സഭയില്‍ സംസാരിച്ചത്. ഹജ്ജ് സബ്സിഡി 2022 ആവുമ്പോഴേക്ക് ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സബ്സിഡി വിഷയവും ആറംഗ സമിതി പരിശോധിക്കുമെന്ന് നഖ്വി പറഞ്ഞു.
സബ്സിഡി ഇല്ലാതെ വരുമ്പോള്‍ കുറഞ്ഞ ചെലവില്‍ തീര്‍ഥാടകര്‍ക്ക് യാത്ര ഒരുക്കാന്‍ എങ്ങനെ സാധിക്കുമെന്ന വിഷയവും പരിശോധിക്കും. ഹജ്ജ് യാത്രികര്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നില്ല. അവരെ കൊണ്ടുപോവുകയും കൊണ്ടുവരുകയും ചെയ്യുന്ന വകയില്‍ എയര്‍ ഇന്ത്യക്കാണ് സബ്സിഡി നല്‍കുന്നത്. സബ്സിഡി നിര്‍ത്തുമ്പോള്‍ വിമാന യാത്രാ ചെലവു മാത്രമാണ് വര്‍ധിക്കുക. തീര്‍ഥാടനവുമായി ബന്ധപ്പെട്ട മറ്റു ചെലവുകള്‍ കൂടില്ല.
ഹജ്ജ് തീര്‍ഥാടനത്തിന് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കാണ് കൂടുതല്‍ പണച്ചെലവെന്ന വാദം മന്ത്രി തള്ളി. ഇന്ത്യന്‍ കറന്‍സിയില്‍ നോക്കിയാല്‍ പാകിസ്താന്‍, ബംഗ്ളാദേശ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ രണ്ടര ലക്ഷത്തോളം മുടക്കണം. എന്നാല്‍ ഇന്ത്യയില്‍ ഒന്നര ലക്ഷത്തോളം മതിയെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.