കേരളത്തിൽ നിന്നുള്ള 1260 പേരുടെ ഹജ്ജ് യാത്ര അനിശ്ചിതത്വത്തിൽ
text_fieldsന്യൂഡൽഹി: കേരളവുമായി ബന്ധപ്പെട്ട 12 സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് ഈ വർഷം സ്വകാര്യ ഹജ്ജ് ക്വാട്ട അനുവദിച്ച ശേഷം റദ്ദാക്കിയത് ഡൽഹി ഹൈകോടതി മരവിപ്പിച്ചുവെങ്കിലും അത് നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയാറാകാതായതോടെ കേരളത്തിലെ തീർഥാടനത്തിനൊരുങ്ങിയ 1260 പേരുടെ ഹജ്ജ് യാത്ര അവസാന നിമിഷം അനിശ്ചിതത്വത്തിലായി. വിധി നടപ്പിലാക്കണമെന്ന ഹൈകോടതിയുടെ അന്ത്യശാസനം തള്ളിയ കേന്ദ്ര സർക്കാർ അതിനെതിരെ സുപ്രീംകോടതിയിൽ വെള്ളിയാഴ്ച അപ്പീൽ നൽകിയതോടെ ഈ ഗ്രൂപ്പുകൾ വഴി ഹജ്ജ് യാത്രക്കായി കാത്തുനിൽക്കുന്നവരുടെ കാര്യം സംശയത്തിലായി.
ഹജ്ജ് തീർഥാടനം കാത്തുകഴിയുന്ന ഇത്രയുമാളുകൾക്ക് അവസാന നിമിഷം അതിനുള്ള അവസരം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഡൽഹി ഹൈകോടതിയിലെ ജസ്റ്റിസ് ചന്ദ്ര ധാരി സിങ്ങിന്‍റെ സിംഗിൾ ബെഞ്ച് കേരളവുമായി ബന്ധപ്പെട്ട 12ഉം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ചും സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് ക്വാട്ട അവസാന നിമിഷം റദ്ദാക്കിയ ഉത്തരവ് മരവിപ്പിച്ചത്.
ഒന്നാം കാറ്റഗറിയിൽ ഉൾപ്പെടുത്തി 75 സീറ്റുകൾ വീതമായിരുന്നു ഈ ഗ്രൂപ്പുകൾക്ക് ആദ്യം അനുവദിച്ചിരുന്നത്. പിന്നീട് ഒന്നാം കാറ്റഗറിക്കാർക്ക് 105 ആക്കി ക്വാട്ട വർധിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിൽ കേരളവുമായി ബന്ധപ്പെട്ട 12 സ്വകാര്യ ഗ്രൂപ്പുകളും 1260 പേരിൽ നിന്ന് അപേക്ഷയും പണവും വാങ്ങി. എന്നാൽ അതിനിടയിലാണ് ഈ ഗ്രൂപ്പുകൾക്ക് എതിരെ പരാതികളുണ്ടെന്ന് പറഞ്ഞ് ഷോകോസ് നോട്ടീസ് അയച്ച് അടിയന്തരമായി ക്വാട്ട റദ്ദാക്കിയത്.
അതിനെതിരെ സമർപ്പിച്ച ഹരജികളിൽ ഡൽഹി ഹൈകോടതി ഈ മാസം ഏഴിന് കേന്ദ്ര സർക്കാർ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. ഷോകോസ് നോട്ടീസിന് മറുപടി അയക്കുകയും കേന്ദ്ര ഉദ്യോഗസ്ഥർ സ്വകാര്യ ഗ്രൂപ്പുകളുടെ ഓഫിസുകളിൽ നേരിട്ട് വന്ന് പരിശോധന പൂർത്തിയാക്കുകയും ചെയ്ത ശേഷവും മരവിപ്പിച്ച ക്വാട്ട പുനഃസ്ഥാപിച്ചില്ലെന്ന് സ്വകാര്യ ഗ്രൂപ്പുകളുടെ അഭിഭാഷകർ ബോധിപ്പിച്ചു.
തുടർന്ന് തീർഥാടകർക്ക് പ്രയാസമുണ്ടാകാതിരിക്കാൻ ഇവരുടെ ലൈസൻസും ക്വാട്ടയും മരവിപ്പിച്ച നടപടി ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തു. ഹജ്ജ് യാത്ര ഒരു വിനോദ സഞ്ചാരമല്ലെന്നും തീർഥയാത്രയാണെന്നും ഹൈകോടതി ഉത്തരവിൽ ഓർമിപ്പിച്ചു. അതിനാൽ സ്വകാര്യ ഗ്രൂപ്പുകൾക്ക് ഷോകോസ് അയക്കാനിടയായ പരാതികളിൽ അന്വേഷണം നടക്കുന്നത് അവർക്ക് പണം കൊടുത്ത് ഹജ്ജിനായി കാത്തുകഴിയുന്ന തീർഥാടകരെ പ്രയാസപ്പെടുത്തുന്നതിനുള്ള ന്യായമല്ല എന്നും ഹൈകോടതി വ്യക്തമാക്കി. ഓപറേറ്റർമാർക്ക് ഷോകോസ് നോട്ടീസ് അയച്ച് തുടങ്ങിയ അന്വേഷണവുമായി കേന്ദ്ര ഏജൻസികൾക്ക് മുന്നോട്ടുപോകാമെന്നും ഹൈകോടതി കൂട്ടിച്ചേർത്തു.
എന്നാൽ ഇതിന് ശേഷവും ക്വാട്ട വിട്ടു നൽകാത്തതിനെതിരെ ഈ മാസം 12ന് സ്വകാര്യഗ്രൂപ്പുകൾ വീണ്ടും ഹൈകോടതിയിലെത്തിയപ്പോൾ വിധി നടപ്പാക്കാൻ കേന്ദ്ര സർക്കാറിന് അന്ത്യശാസനം നൽകി. അപ്പോഴാണ് ഹൈകോടതി വിധിക്കെതിരെയുള്ള അപ്പീലുമായി കേന്ദ്രം സുപ്രീംകോടതിയിലെത്തിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.