യു.പിയിലെ ഹലാൽ സർട്ടിഫിക്കേഷൻ നിരോധനം സ്വാഗതം ചെയ്ത് മൗലാനാ ഷഹാബുദ്ദീൻ
text_fieldsഉത്തർപ്രദേശിൽ ഹലാൽ ഉത്പന്നങ്ങൾ നിരോധിച്ച യോഗി ആദിത്യനാഥ് സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാനാ ഷഹാബുദ്ദീൻ. യു.പിയിലെ ബറേലിയിലുള്ള ആല ഹസ്രത് ദർഗയിലെ പ്രധാന പുരോഹിതനാണ് മൗലാനാ ഷഹാബുദ്ദീൻ. ഹലാർ സർട്ടിഫിക്കേഷൻ ബിസിനസ് ട്രിക് ആണെന്നും ഇത് ശരീഅത് നിയമങ്ങൾ പാലിച്ചുള്ളതല്ലെന്നും മൗലാനാ ഷഹാബുദ്ദീൻ പറയുന്നു.
19ാം നൂറ്റാണ്ടിലെ ഇസ്ലാമിക പണ്ഡിതനായ അഹമ്മദ് റാസ ഖാന്‍റെ പേരിലുള്ള ദർഗയാണ് ബറേലിയിലേത്. നേരത്തേ മുതൽ ബി.ജെ.പിയുമായി ബന്ധമുള്ളവരാണ് ആല ഹസ്രത് ദർഗ നടത്തിപ്പുകാർ. 2022 യു.പി തിരഞ്ഞെടുപ്പിൽ ദർഗയിലെ മുഖ്യ പുരോഹിതന്‍റെ കുടുംബാംഗങ്ങളിൽപെട്ടവർ ബി.ജെ.പിയിൽ ചേർന്നിരുന്നു. ട്രിപ്പിൾ തലാക് വിഷയത്തിലും ദർഗ അധികാരികൾ ബി.ജെ.പിയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.
കോടതിയെ സമീപിക്കും
ഉത്തർപ്രദേശിൽ ഹലാൽ ഉത്പന്നങ്ങൾ നിരോധിച്ച തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹലാൽ ട്രസ്റ്റ് സി.ഇ.ഒ നിയാസ് അഹമ്മദ് പറഞ്ഞു. ഹലാൽ സർട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ അടിയന്തര പ്രാബല്യത്തിൽ നിരോധിച്ചതായി സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.
നിരോധനത്തെ യാതൊരു രീതിയിലും ന്യായീകരിക്കാനാകില്ലെന്നും ഇത് തെറ്റാണെന്നും നിയാസ് അഹമ്മദ് പറയുന്നു. ഇത് വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും തിരഞ്ഞെടുപ്പിനെയും സംബന്ധിച്ച വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹലാൽ സാക്ഷ്യപ്പെടുത്തിയ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ ഉൽപാദനം, സംഭരണം, വിതരണം, വാങ്ങൽ, വിൽപന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും എതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കയറ്റുമതിക്കായി നിർമിക്കുന്ന ഉത്പന്നങ്ങൾക്ക് നിരോധനം ബാധകമാകില്ല.
വ്യാജ ഹലാൽ സർട്ടിഫിക്കറ്റുകൾ നൽകി വിൽപന വർധിപ്പിക്കാൻ ആളുകളുടെ മതവികാരം മുതലെടുത്തെന്നാരോപിച്ച് ഒരു കമ്പനിക്കും മറ്റ് ചില സംഘടനകൾക്കുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിരോധനം ഏർപ്പെടുത്തിയത്.
ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ, ജാമിയത്ത് ഉലമ-ഇ-ഹിന്ദ് ഹലാൽ ട്രസ്റ്റ് ഡൽഹി, ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ മുംബൈ, ജാമിയത്ത് ഉലമ മഹാരാഷ്ട്ര തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെ ഹലാൽ സർട്ടിഫിക്കറ്റ് നൽകി വിൽപ്പന വർധിപ്പിക്കാൻ മതവികാരം മുതലെടുത്തെന്നാരോപിച്ചാണ് കേസ്. ഈ കമ്പനികൾ സാമ്പത്തിക നേട്ടങ്ങൾക്കായി വിവിധ കമ്പനികൾക്ക് വ്യാജ ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതായി പരാതിയിൽ പറയുന്നു.
അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് ഹലാൽ ട്രസ്റ്റ് പ്രസ്താവനയിൽ പറഞ്ഞു. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.