കർണാടകയിലെ ഹലാൽ വിവാദം; മുസ്ലിം കച്ചവടക്കാരെ വിലക്കരുതെന്നാവശ്യപ്പെട്ട് ഹരജി
text_fieldsബംഗളൂരു: കർണാടകയിൽ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിലുള്ള ഹലാൽ ഉൽപന്ന ബഹിഷ്കരണ കാമ്പയിന്‍റെ തുടർന്നുള്ള അക്രമ സംഭവങ്ങൾക്ക് പിന്നാലെ ഹൈകോടതിയിൽ ഹരജി. മുസ്ലിം മാംസ കച്ചവടക്കാരെ വിലക്കരുതെന്നാവശ്യപ്പെട്ടും പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതിൽനിന്നും നേതാക്കളെ വിലക്കണമെന്നാവശ്യപ്പെട്ടും മാണ്ഡ്യ സ്വദേശിയാണ് ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്തത്. ഹരജി ഉടൻ പരിഗണിക്കണമെന്ന ആവശ്യം ഹൈകോടതി നിരസിച്ചു.
ഹരജി പിന്നീട് പരിഗണിക്കും. ഹലാൽ മാംസം ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടുള്ള കാമ്പയിനിടെ ശിവമൊഗ്ഗയിൽ അക്രമ സംഭവങ്ങളുണ്ടായി. ശിവമൊഗ്ഗയിലെ ജനത ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നയാളെ മർദിച്ച സംഭവത്തിൽ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വി.എച്ച്.പി, ബജ് രംഗ് ദൾ പ്രവർത്തകരാണ് പിടിയിലായത്. ഹലാൽ ഇറച്ചി കഴിച്ചുവെന്നാരോപിച്ചായിരുന്നു മർദനം. ശിവമൊഗ്ഗയിലെ കോഴിക്കടയിലെ ജീവനക്കാരനെയും പ്രവർത്തകർ കൈയേറ്റം ചെയ്തു.
സമാധാനപരമായി ഉഗാദി ആഘോഷിക്കുന്നതിന് ക്രമസമാധാനം ഉറപ്പാക്കാൻ ജില്ല ഡെപ്യൂട്ടി കമീഷണർമാർക്കും ജില്ല പൊലീസ് മേധാവികൾക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർദേശം നൽകി. ഇതിനിടെ ഹലാൽ വിവാദത്തിന്‍റെ ചുവട് പിടിച്ച് മാംസത്തിനായി മൃഗങ്ങളെ അറുക്കുന്നതിന് മുമ്പ് ബോധം കെടുത്തണമെന്ന് വ്യക്തമാക്കി മൃഗസംരക്ഷണ വകുപ്പിറക്കിയ ഉത്തരവും വിവാദമായി.
ഹലാൽ രീതിയിൽ അല്ലാതെ കോഴികളെയും ആടുകളെയും പോത്തുകളെയും ബോധം കെടുത്തിയശേഷം മാത്രമെ അറുക്കാൻ പാടുകയുള്ളുവെന്നാണ് ഉത്തരവ്. ബംഗളൂരു കോർപറേഷൻ പരിധിയിലെ വ്യാപാരികൾക്കായാണ് ഇത്തരമൊരു ഉത്തരവിറക്കിയത്. ഹലാൽ ഇറച്ചിയുടെ വിൽപന ഉൾപ്പെടെ തടയാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കമെന്നാണ് ആരോപണം. അതേസമയം, ഇത്തരമൊരു ഉത്തരവിറക്കിയിട്ടില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാന്‍റെ വിശദീകരണം.
വിവാദം തുടരുന്നതിനിടെ മുസ് ലിം കച്ചവടക്കാർക്കെതിരായ ബഹിഷ്കരണത്തെയും ഹലാൽ വിവാദത്തെയും അപലപിച്ചുകൊണ്ട് മുതിർന്ന അഭിഭാഷകർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ഏപ്രിൽ രണ്ടിലെ കർണാടക ഉഗാദി ആഘോഷത്തിനുശേഷമുള്ള ദിവസങ്ങളിൽ മാംസാഹാരം കഴിക്കുന്ന പതിവുണ്ട്. ഈ ദിവസത്തിൽ ഹലാൽ മാംസം ബഹിഷ്കരിക്കണമെന്ന ആഹ്വാനമാണ് ഹിന്ദുത്വ സംഘടനകൾ ശക്തമാക്കുന്നത്. ഹലാല്‍ മാംസത്തിനുപകരം വിവിധ ജില്ലകളിൽ ഹലാല്‍ രഹിത മാംസക്കടകളും തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.