'ഹലാൽ എന്നാൽ മാംസം അടങ്ങിയിട്ടുണ്ടെന്ന് അർത്ഥമില്ല'; വിദ്വേഷ പ്രചാരണത്തിന് മറുപടിയുമായി ഹിമാലയ
text_fieldsന്യൂഡൽഹി: തീവ്ര ഹിന്ദുത്വവാദികളുടെ വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിച്ച് ഹിമാലയ. തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകി എന്നതുകൊണ്ട് അതിൽ മൃഗങ്ങളിൽ നിന്നുള്ള ചേരുവകൾ അടങ്ങിയിട്ടുണ്ടെന്ന് അർത്ഥമാക്കുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി. ഹിമാലയയുടെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ പ്രതികരണം.
'ഹിമാലയ വെൽനസ് കമ്പനി അതിന്റെ ഉൽപ്പന്നങ്ങൾ നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന രാജ്യത്ത് ഉൽപ്പന്നങ്ങളുടെ സ്വീകാര്യതയ്ക്കായി, കമ്പനിയും അതിന്റെ ഉൽപ്പന്നങ്ങളും ആ രാജ്യങ്ങളുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ട്. ചില രാജ്യങ്ങളിൽ ഹലാൽ സർട്ടിഫിക്കേഷൻ നിർബന്ധമാണ്. അതിനാൽ ഹലാൽ സർട്ടിഫിക്കേഷൻ ബന്ധപ്പെട്ട ചട്ടങ്ങൾക്കനുസൃതമായി അത്തരം രാജ്യങ്ങൾക്ക് മാത്രമാണ് നൽകുന്നത്.
സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിൽ ആരോപിക്കുന്നത് പോലെ ഹിമാലയ ഉൽപ്പന്നങ്ങളിൽ മാംസം അടങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കാനും സ്ഥിരീകരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് വസ്തുതാപരമായി തെറ്റാണ്.
ഹലാൽ സർട്ടിഫിക്കേഷൻ ഒരു ഉൽപ്പന്നത്തിൽ മൃഗങ്ങളിൽനിന്നുള്ള ചേരുവകൾ അടങ്ങിയിട്ടുണ്ടെന്ന് അർത്ഥമാക്കുന്നില്ല. ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ നിബന്ധനകൾ അനുസരിച്ച് സസ്യാഹാര ഉൽപ്പന്നങ്ങൾക്കും ഇത് ബാധകമാണ്. ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ കമ്പനികളും ഈ സർട്ടിഫിക്കേഷൻ നേടേണ്ടതുണ്ട്' -പ്രസ്താവനയിൽ പറയുന്നു.
ഹിമാലയ ഡ്രഗ് കമ്പനിയുടെ 'ഹലാൽ പോളിസി'യുടെ ചിത്രം ട്വിറ്ററിൽ വൈറലായതോടെയാണ് ഹിന്ദുത്വവാദികൾ വിദ്വേഷ പ്രചാരണം ആരംഭിച്ചത്. 'ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഇസ്ലാമിക നിയമം അനുസരിക്കുന്നു, ഇസ്‍ലാമിക നിയമത്തിന് കീഴിലുള്ള നിരോധിത ചേരുവകളിൽനിന്ന് അവ മുക്തമാണ്. ഹലാൽ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിവിധ വിഷയങ്ങളിൽ നിന്നുള്ള മുതിർന്ന എക്സിക്യൂട്ടീവുകൾ (മുസ്ലിം ഉൾപ്പെടെ) ഉൾപ്പെടുന്ന ഇന്റേണൽ ഹലാൽ മാനേജ്മെന്റ് ടീമിനെ ഞങ്ങൾ രൂപീകരിച്ചിട്ടുണ്ട്' -എന്നാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ രാജ്യങ്ങളിലേക്ക് തയാറാക്കിയ നോട്ടീസ് ഹിന്ദുത്വവാദികൾ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുകയായിരുന്നു. കർണാടകയിൽ ഹലാൽ മാംസവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളുമായി ഇതിനെ ഒരു വിഭാഗം ബന്ധപ്പെടുത്തി. നടനും ബി.ജെ.പി നേതാവുമായ പരേഷ് റാവലാണ് ഓൺലൈൻ കാമ്പെയ്‌നിൽ ഏറ്റവും ഒടുവിൽ ചേർന്നത്. അതേസമയം അദാനി, റിലയൻസ്, ടാറ്റ, ഹിന്ദുസ്ഥാൻ യുണിലിവർ, അമുൽ, ഡാബർ തുടങ്ങി നിരവധി കമ്പനികൾക്കും അവരുടെ ഉൽപ്പന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കേഷനുണ്ടെന്ന് ഈ വിഷയത്തിൽ ഹിമാലയയെ പിന്തുണയ്ക്കുന്ന നെറ്റിസൺസ് ചൂണ്ടിക്കാട്ടി.
ഹിമാലയയുടെ ഉൽപ്പന്നങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാജ വിഡിയോകളും ഹിന്ദുത്വവാദികൾ പ്രചരിപ്പിച്ചിരുന്നു. റിലയൻസ് ജിയോയും പതഞ്ജലി ഉൽപ്പന്നങ്ങളും ബഹിഷ്‌കരിക്കാൻ ഹിമാലയ ഗ്രൂപ്പിന്റെ ഉടമ ആഹ്വാനം ചെയ്തതായി അവകാശപ്പെടുന്ന ഒരു വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞദിവസം വൈറലായിരുന്നു. ഈ കമ്പനികൾക്ക് ആർ.എസ്.എസുമായി ബന്ധമുണ്ടെന്നാണ് പ്രസംഗത്തിൽ പറയുന്നത്.
എന്നാൽ, പ്രസംഗിക്കുന്ന വ്യക്തിക്ക് ഹിമാലയയുമായി യാതൊരു ബന്ധവുമില്ലെന്ന് കമ്പനി തന്നെ വ്യക്തമാക്കി. വിഡിയോയിലുള്ള വ്യക്തി പ്രമുഖ അഭിഭാഷകൻ ഭാനു പ്രതാപ് സിങ് ആണ്. 2020 ജനുവരിയിൽ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽനിന്നുള്ളതാണ് വിഡിയോ.
'ഹിമാലയ വെൽനസ് കമ്പനിയെക്കുറിച്ച് പ്രചരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യാജവും കെട്ടിച്ചമച്ചതുമാണ്. വിഡിയോയിലുള്ള വ്യക്തിക്ക് ഹിമാലയവുമായി ഒരു ബന്ധവുമില്ല. ഉയർന്ന തലത്തിലുള്ള സമഗ്രതയോടെ ബിസിനസ് നടത്തുന്ന അഭിമാനകരമായ ഒരു ഇന്ത്യൻ കമ്പനിയാണ് ഹിമാലയ' -കമ്പനി തങ്ങളുടെ മറുപടിയിൽ വ്യക്തമാക്കി.
ഇതാദ്യമായല്ല സാമൂഹിക മാധ്യമങ്ങളിൽ ഹിമാലയ കമ്പനിയെ വേട്ടയാടുന്നത്. 1930ൽ മുഹമ്മദ് മനാൽ എന്നയാളാണ് കമ്പനി ആരംഭിക്കുന്നത്. 1986-ൽ ഇദ്ദേഹം അന്തരിച്ചു.
2020 മാർച്ചിൽ ഹിമാലയ ഒരു തീവ്രവാദ സംഘടനയ്ക്ക് ധനസഹായം നൽകിയെന്ന് ആരോപിക്കുന്ന പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഹിമാലയ ഡ്രഗ് കമ്പനിയുടെ പ്രസിഡന്റും സി.ഇ.ഒയുമായ ഫിലിപ്പ് ഹെയ്ഡന്റെ ഫോട്ടോ, കമ്പനിയുടെ സ്ഥാപകൻ മുഹമ്മദ് മനാൽ ആണെന്ന് അവകാശപ്പെട്ട് പോസ്റ്റിനൊപ്പം പങ്കുവെക്കുകയും ചെയ്തു. നുണപ്രചാരണത്തിനെതിരെ കമ്പനി രംഗത്തുവരികയും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.