ഹലാൽ ഭക്ഷണം 'സാമ്പത്തിക ജിഹാദ്' ആണെന്ന് ബി.ജെ.പി നേതാവ്
text_fieldsബംഗളൂരു: ഹലാൽ ഭക്ഷണം 'സാമ്പത്തിക ജിഹാദി'ന് സമാനമാണെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി. ഇതിന് പിന്നാലെ ഹലാൽ മാംസം ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ചില ആർ.എസ്.എസ് സംഘടനകളും രംഗത്തെത്തി.
'ഹലാൽ സാമ്പത്തിക ജിഹാദാണ്. മുസ്‌ലിംകളെ മറ്റുള്ളവരുമായി കച്ചവടം ചെയ്യുന്നതിൽനിന്ന് തടയാൻ ഇത് ജിഹാദ് പോലെ ഉപയോഗിക്കുകയാണ്. ഹലാൽ മാംസം ഉപയോഗിക്കണമെന്ന് അവർ ചിന്തിക്കുമ്പോൾ, അത് ഉപയോഗിക്കരുത് എന്ന് പറയുന്നതിൽ എന്താണ് തെറ്റ്?' -രവി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'അവരുടെ ദൈവത്തിന് സമർപ്പിക്കുന്ന ഹലാൽ മാംസം മുസ്‌ലിംകൾക്ക് പ്രിയപ്പെട്ടതായിരിക്കാം. എന്നാൽ, ഹിന്ദുക്കൾക്ക് അത് ആരുടെയെങ്കിലും അവശിഷ്ടമാണ്. ഉൽപ്പന്നങ്ങൾ മുസ്‌ലിംകളിൽനിന്ന് മാത്രം വാങ്ങുകയും മറ്റുള്ളവരിൽനിന്ന് വാങ്ങാതിരിക്കുകയും ചെയ്യുന്ന തരത്തിലാണ് ഹലാൽ മാംസം രൂപകൽപന ചെയ്തിരിക്കുന്നത്' -സി.ടി. രവി ആരോപിച്ചു.
ഹലാൽ മാംസം ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത്തരം വ്യാപാര രീതികൾ വൺ-വേ ട്രാഫിക്കായിരിക്കില്ലെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു. മുസ്‌ലിംകൾ ഹലാൽ അല്ലാത്ത മാംസം കഴിക്കാൻ സമ്മതിക്കുകയാണെങ്കിൽ ഹിന്ദുക്കളും ഹലാൽ മാംസം ഉപയോഗിക്കുമെന്നും ബി.ജെ.പി നേതാവ് കൂട്ടിച്ചേർത്തു.
ഉഗാദി ഉത്സവത്തോടനുബന്ധിച്ച് ഹിന്ദുക്കൾ ഹലാൽ മാംസം ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ചില സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. മാംസാഹാരം കഴിക്കാത്ത ഒരു വിഭാഗം ഹിന്ദുക്കൾ ദൈവത്തിന് മാംസം സമർപ്പിച്ചാണ് ഉഗാദി ആഘോഷിച്ചത്. അത്തരത്തിലുള്ള ആചാരം ഒഴിവാക്കണെമെന്നായിരുന്നു സന്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.