ഹൽദ്വാനിയിൽ സംഭവിക്കുന്നതെന്ത്?
text_fieldsഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മുനിസിപ്പൽ കോർപറേഷൻ അധികൃതർ മദ്റസ കെട്ടിടം തകർത്തതിനെ തുടർന്ന് വ്യാഴാഴ്ച തുടങ്ങിയ സംഘർഷത്തിൽ ആറുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയുംചെയ്തിരിക്കുന്നു. നഗര-റെയിൽവേ വികസനത്തിന്റെ പേരിൽ വർഷങ്ങളായി കുടിയിറക്കൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മേഖലയിലെ ജനവിഭാഗങ്ങളുമായുള്ള സർക്കാറിന്റെ നിയമപോരാട്ടമാണിപ്പോൾ വലിയ സംഘർഷത്തിലേക്ക് വഴിമാറിയിരിക്കുന്നത്.
പശ്ചാത്തലം
ഉത്തരാഖണ്ഡിലെ ഏറ്റവും ജനനിബിഡ നഗരങ്ങളിലൊന്നാണ് ഹൽദ്വാനി. നൈനിറ്റാൾ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം ഉത്തരാഖണ്ഡിന്റെ സാമ്പത്തിക തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. നഗരകേന്ദ്രത്തിലെ റെയിൽവേ വികസനത്തിനായി ഗഫൂർ ബസ്തി ഉൾപ്പെടെയുള്ള ചേരി പ്രദേശങ്ങൾ ഒഴിപ്പിക്കുക എന്നത് സർക്കാറിന്റെ ദീർഘനാളായിട്ടുള്ള അജണ്ടയാണ്. 5000ലധികം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്; ഇതിൽ 95 ശതമാനവും മുസ്‍ലിംകളുമാണ്. കാര്യമായ പുനരധിവാസ പാക്കേജുകളൊന്നുമില്ലാതെ ചേരിയൊഴിപ്പിക്കാൻ സർക്കാർ വിപുലമായ പദ്ധതിയൊരുക്കുന്നതോടെയാണ് ഹൽദ്വാനിയിൽ സംഘർഷം പുകഞ്ഞുതുടങ്ങിയത്.
നിയമപോരാട്ടം
2013ൽ രവിശങ്കർ ജോഷി എന്നയാൾ ചേരി ഒഴിപ്പിക്കണമെന്ന ആവശ്യവുമായി ഉത്തരാഖണ്ഡ് ഹൈകോടതിയെ സമീപിക്കുന്നതോടെ നിയമയുദ്ധം ആരംഭിക്കുന്നു. 1940 മുതൽ ഭൂമിക്കും കെട്ടിടങ്ങൾക്കുമെല്ലാം നികുതിയടച്ചതിന്റെ രേഖകൾ സമർപ്പിച്ച് ഹൽദ്വാനിക്കാർ കോടതിയിൽ മറുവാദം ഉന്നയിച്ചു. 1907ലെ സർക്കാർ രേഖകളും അവർ ഹാജരാക്കി. എന്നാൽ, ഈ രേഖകൾ കോടതി പരിഗണിച്ചില്ല. 1959ൽ ഈ ഭൂമി റെയിൽവേക്ക് കൈമാറിയതിന്റെ രേഖകൾ പരിഗണിച്ച് അവിടെ വസിക്കുന്നവർ കൈയേറ്റക്കാരാണെന്ന നിഗമനത്തിൽ ഹൈകോടതി എത്തി. 2016ൽ, കൈയേറ്റം ഒഴിപ്പിക്കാൻ റെയിൽവേയോട് കോടതി ഉത്തരവിട്ടു.
അന്നത്തെ കോൺഗ്രസ് സർക്കാർ വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകിയെങ്കിലും തള്ളി. വിഷയം സുപ്രീംകോടതിയിലെത്തിയപ്പോൾ ഇരകളുടെ വാദം കേൾക്കാൻനിർദേശിച്ചു. 2022 ഡിസംബർ 20ന് ഹൈകോടതി ഗഫൂർ ബസ്തിയിലെ 4365 കുടുംബങ്ങളെയും ഒഴിപ്പിക്കാൻ ഉത്തരവിട്ടു. ആവശ്യമെങ്കിൽ ബലംപ്രയോഗിച്ച് ഒരാഴ്ചക്കുള്ളിൽതന്നെ ‘ദൗത്യം’ പൂർത്തിയാക്കാനായിരുന്നു നിർദേശം.
ഇതോടെ മേഖലയിലെ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെയാണ് വിഷയം ദേശീയ ശ്രദ്ധയിലെത്തുന്നത്. സമരത്തെ നേരിടാൻ അർധസൈനികരെ വരെ മേഖലയിൽ വിന്യസിച്ചു.
സുപ്രീംകോടതി ഇടപെടൽ
കുടിയിറക്കൽ നടപടികളുമായി അവർ മുന്നോട്ടുപോകവെയാണ് വിഷയത്തിൽ ഇരകളുടെ ഹരജി പരിഗണിച്ചുള്ള സുപ്രീംകോടതി ഇടപെടൽ. ഏറ്റെടുക്കാൻ പോകുന്ന സ്ഥലം റെയിൽവേ ഭൂമിയാണെങ്കിൽപോലും, പുനരധിവാസ പദ്ധതികളൊന്നുമില്ലാതെ ആളുകളെ തെരുവിലേക്ക് ഇറക്കിവിടുന്നത് നീതീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി 2023 ജനുവരി അഞ്ചിന് ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി.
വിഷയത്തിൽ കേന്ദ്രസർക്കാറിന്റെ വിശദീകരണം വരുന്നതുവരെയായിരുന്നു സ്റ്റേ. ചേരിയൊഴിപ്പിക്കണമെന്ന നിലപാട് ഡിസംബർ 22ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അവതരിപ്പിച്ചതോടെ ഹൽദ്വാനിയിൽ വീണ്ടും ആശങ്കയുടെ നാളുകളായി.
വീണ്ടും ഒഴിപ്പിക്കൽ നടപടി
ജനുവരി 30ന് സ്ഥലമൊഴിപ്പിക്കാനുള്ള നോട്ടീസ് മുനിസിപ്പാലിറ്റി അധികൃതർ പതിപ്പിച്ചു. ഫെബ്രുവരി മൂന്നിന് ഗഫൂർ ബസ്തിയിലെ ഇരകളുടെ പ്രതിനിധികൾ ജില്ല മജിസ്ട്രേറ്റുമായി കൂടിക്കാഴ്ച നടത്തുകയും വിഷയത്തിൽ ഹൈകോടതിയിൽ പോകാനുള്ള സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. എന്നാൽ, അതിന് അധികൃതർ തയാറായില്ല. അന്ന് രാത്രിതന്നെ, അധികൃതർ അവിടെ ഫ്ലാഗ് മാർച്ച് നടത്തി തൊട്ടടുത്ത ദിവസം നടപടി തുടങ്ങുമെന്ന് പ്രഖ്യാപിച്ചു.
എന്നാൽ, 2007ലെ ഒരു കോടതി ഉത്തരവ് കാണിച്ച് ഉദ്യോഗസ്ഥ സംഘത്തെ പിന്തിരിപ്പിച്ചു. മടങ്ങിപ്പോയ ഉദ്യോഗസ്ഥർ രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും എത്തി നടപടികൾ ആരംഭിച്ചപ്പോഴാണ് കാര്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങിയത്.
വർഗീയ ചേരിതിരിവിനുള്ള ശ്രമം
മേഖലയിൽ കുടിയൊഴിപ്പിക്കാനായി ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളും ഇക്കാലത്തിനിടെ ഹൽദ്വാനിയിൽ നടന്നിട്ടുണ്ട്. ഗഫൂർ ബസ്തിയിലെ ജനങ്ങളെ സമൂഹത്തിനും വികസനത്തിനും ഭീഷണിയായ വിഭാഗമായി ചിത്രീകരിക്കാനും പലതവണ നീക്കമുണ്ടായി.
കഴിഞ്ഞ വർഷം റമദാനിൽ ഒരു വീട്ടിൽ രാത്രിനമസ്കാരം നിർവഹിക്കുകയായിരുന്ന ഒരു സംഘം ആളുകൾക്കു നേരെ ആക്രമണമുണ്ടായത് ഇതിന്റെയൊക്കെ ഭാഗമായായിരുന്നു. പ്രദേശത്ത് മസ്ജിദ് നിർമിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു ഹിന്ദുത്വവാദികളുടെ ആൾക്കൂട്ടാക്രമണം. ഇപ്പോൾ, നടക്കുന്ന സംഘർഷങ്ങളുടെ മറുവശത്തും ഇതേ ശക്തികളാണെന്ന് റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.