ഹൽദ്വാനി: മൂന്ന് ദിവസത്തിനകം 2.44 കോടി നഷ്ടപരിഹാരം അടക്കണമെന്ന് പ്രതിഷേധക്കാരോട് നഗരസഭ
text_fieldsഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നഗരസഭയുടെ നേതൃത്വത്തിൽ മദ്റസ തകർക്കുകയും പൊലീസ് വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെടുകയും ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നഷ്ടപരിഹാരം ഈടാക്കാൻ നടപടിയുമായി നഗരസഭ. 2.44 കോടി രൂപ നഷ്ടപരിഹാരം അടക്കാൻ ആവശ്യപ്പെട്ടാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയ അബ്ദുൽ മാലിക്കിന് ഹൽദ്വാനി മുനിസിപ്പൽ കോർപറേഷൻ റിക്കവറി നോട്ടീസ് നൽകിയത്. മൂന്ന് ദിവസത്തിനുള്ളിൽ തുക നൽകണമെന്ന് തിങ്കളാഴ്ച നൽകിയ നോട്ടീസിൽ പറയുന്നു.
ഈ മാസം എട്ടിനാണ് ഗഫൂർ ബസ്തിയിൽ മദ്റസ തകർത്തത്. പ്രദേശവാസികൾ നമസ്കാരത്തിനുകൂടി ഉപയോഗിച്ചിരുന്ന കെട്ടിടം തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ആറു പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കോടതി നിർദ്ദേശപ്രകാരമാണ് മദ്റസ പൊളിക്കാൻ അനുമതി നൽകിയതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അവകാശപ്പെട്ടത്. എന്നാൽ, ജസ്റ്റിസ് പങ്കജ് പുരോഹിത് പുറപ്പെടുവിച്ച ഉത്തരവിൽ അദ്ദേഹത്തിന്റെ ബെഞ്ച് വിഷയം ഫെബ്രുവരി 14 ലേക്ക് പരിഗണിക്കാൻ മാറ്റിവെച്ചു എന്നാണുള്ളത്. ഇതിന് കാത്തു നിൽക്കാതെ കോർപ്പറേഷൻ പൊളിക്കൽ നടപടിയുമായി മുന്നോട്ടുപോയി. സ്റ്റേ ലഭിച്ചിട്ടില്ലെന്ന മുനിസിപ്പൽ കമ്മീഷണർ പങ്കജ് ഉപാധ്യായയുടെ വാദത്തെ സ്ഥലമുടമയായ മാലിക്കിന്റെ അഭിഭാഷകൻ അഹ്രാർ ബെയ്ഗ് വെല്ലുവിളിക്കുകയും കോർപ്പറേഷൻ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. തങ്ങൾക്ക് നോട്ടീസ് നൽകുകയോ കേസ് അവതരിപ്പിക്കാൻ സമയം നൽകുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപിന്നാലെയാണ് മാലിക്കിനെതിരെ റിക്കവറി നോട്ടീസ് പുറപ്പെടുവിച്ചത്.
അനധികൃത നിർമാണം പൊളിക്കാൻ പോയ സംഘത്തെ മാലിക്കിന്റെ അനുയായികൾ ആക്രമിക്കുകയും മുനിസിപ്പൽ കോർപ്പറേഷന്റെ സ്വത്തുക്കൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തതായി നോട്ടീസിൽ ആരോപിച്ചു. 15 വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തിയതിന് 2.41 കോടി രൂപയും ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തിയതിന് 3.52 ലക്ഷം രൂപയുമാണ് കണക്കാക്കിയത്.
"പൊലീസിൻ്റെയും ഭരണകൂടത്തിന്റെയും സംഘത്തെ ആക്രമിച്ച് നിങ്ങളുടെ അനുയായികൾ മുനിസിപ്പൽ കോർപ്പറേഷൻ്റെ സ്വത്തുക്കൾ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. നിങ്ങളെ പ്രതിയാക്കി എഫ്ഐആർ നൽകിയിട്ടുണ്ട്. പ്രാഥമിക വിലയിരുത്തൽ പ്രകാരം, ആസൂത്രിതമായി സംഭവം ഉണ്ടാക്കിയതിലൂടെ ഏകദേശം 2.44 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഫെബ്രുവരി 15നകം മുനിസിപ്പൽ കോർപ്പറേഷന് മാലിക് ഈ തുക നൽകണം’ -തിങ്കളാഴ്ച ഹൽദ്വാനി മുനിസിപ്പൽ കോർപ്പറേഷൻ മാലിക്കിന് അയച്ച നോട്ടീസിൽ പറയുന്നു. ഹൽദ്വാനി നഗരത്തിൽ വ്യാഴാഴ്ചയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 30 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.