ഹൽദ്വാനി സംഘർഷം: സ്ഥിതി ശാന്തം, കർഫ്യൂ ഭാഗികമായി നീക്കി
text_fieldsഹൽദ്വാനി (ഉത്തരാഖണ്ഡ്): അനധികൃതമായി നിർമിച്ചതെന്നാരോപിച്ച് മുനിസിപ്പൽ കോർപറേഷൻ അധികൃതർ മദ്റസ കെട്ടിടം പൊളിച്ചതിനെ തുടർന്ന് ഹൽദ്വാനിയിലുണ്ടായ സംഘർഷത്തെക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്. കുമയൂൺ കമീഷണർ ദീപക് റാവത്തിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് ചീഫ് സെക്രട്ടറി രാധ രാതൂരിയുടെ ഉത്തരവിൽ പറയുന്നു. 15 ദിവസത്തിനകം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കണം. അതേസമയം, വ്യാഴാഴ്ച പ്രഖ്യാപിച്ച കർഫ്യൂ ബൻഭൂൽപുര പ്രദേശത്ത് മാത്രമാക്കി ചുരുക്കി. പുതുതായി അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കർഫ്യൂ നിലവിലുള്ള പ്രദേശങ്ങളിൽ ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും മാത്രമേ തുറക്കൂ. പ്രദേശവാസികളെ അവശ്യസാധനങ്ങൾ വാങ്ങാൻ അനുവദിച്ചു. മറ്റു പ്രദേശങ്ങളിൽ ശനിയാഴ്ച കടകൾ സാധാരണപോലെ തുറന്നു. എന്നാൽ, സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രചരിക്കാതിരിക്കാൻ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചിട്ടില്ല. സംഘർഷ പ്രദേശത്ത് പൊലീസ് പട്രോളിങ് നടക്കുന്നുണ്ടെന്ന് എ.ഡി.ജി.പി എ.പി. അൻഷുമാൻ പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട് 16 പേർക്കെതിരെ കേസെടുത്തു. അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷത്തെ തുടർന്നുണ്ടായ പൊലീസ് വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. 60 പേർക്ക് പരിക്കേറ്റു.
അതേസമയം, പ്രദേശവാസികൾ നമസ്കാരത്തിനുകൂടി ഉപയോഗിച്ചിരുന്ന മദ്റസ കെട്ടിടം തകർത്തത് കോടതി ഉത്തരവില്ലാതെയെന്ന വിവരവും പുറത്തുവന്നു. കോടതി നിർദേശപ്രകാരമാണ് മദ്റസ പൊളിക്കാൻ അനുമതി നൽകിയതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അവകാശപ്പെട്ടിരുന്നു. നൈനിറ്റാൾ ജില്ലാ മജിസ്ട്രേറ്റും ഇതേ വാദം ഉന്നയിച്ചിരുന്നു. എന്നാൽ ജസ്റ്റിസ് പങ്കജ് പുരോഹിത് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പിൽ അദ്ദേഹത്തിന്റെ ബെഞ്ച് വിഷയം ഫെബ്രുവരി 14 ലേക്ക് പരിഗണിക്കാൻ മാറ്റിയെന്നാണുള്ളത്. അടുത്ത ഹിയറിങ്ങിന് കാത്തുനിൽക്കാതെ കോർപറേഷൻ പൊളിക്കൽ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു. കോർപറേഷൻ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് സ്ഥലമുടമയായ മാലിക്കിന്റെ അഭിഭാഷകൻ അഹ്രാർ ബെയ്ഗും ആരോപിച്ചു. തങ്ങൾക്ക് നോട്ടീസ് നൽകുകയോ കേസ് അവതരിപ്പിക്കാൻ സമയം നൽകുകയോ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.