‘മുസ്‍ലിംകളായതുകൊണ്ടല്ലേ ഞങ്ങളെ ഇങ്ങനെ വേട്ടയാടുന്നത്’, ഹൽദ്വാനിയിലെ പൊലീസ് മർദനത്തെ കുറിച്ച് പ്രദേശവാസികൾ
text_fieldsഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ രൂപപ്പെട്ട സംഘർഷത്തിനു പിന്നാലെ പൊലീസ് വീടുകളിൽ കയറി കുടുംബാംഗങ്ങളെ ക്രൂരമായി തല്ലിച്ചതച്ചുവെന്ന് പ്രദേശവാസികൾ. നഗരസഭയുടെ നേതൃത്വത്തിൽ മദ്റസ തകർക്കുകയും പൊലീസ് വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെടുകയും ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.
ഫെബ്രുവരി 10ന് രാത്രി 10.30 ഓടെ വീടുകളിൽ റെയ്ഡ് നടത്തിയ പൊലീസ് കുടുംബാംഗങ്ങളെ തല്ലിച്ചതച്ചുവെന്നാണ് പ്രദേശവാസികളുടെ പരാതി. സംഘർഷമുണ്ടായ സ്ഥലത്ത് തങ്ങളില്ലായിരുന്നുവെന്നും ഒന്നും ചെയ്തിട്ടില്ല എന്നും പൊലീസിനോട് ആവർത്തിച്ചതായി പ്രദേശത്തെ സ്കൂളിൽ പാചകക്കാരിയായി ജോലി ചെയ്യുന്ന ശാമ പർവീൺ പറഞ്ഞു. വാതിലുകൾ തകർത്താണ് പൊലീസ് വീടിന് അകത്തെത്തിയത്. കട്ടിലിൽ നിന്ന് കിടക്ക നിലത്തേക്ക് പൊലീസ് വലിച്ചെറിഞ്ഞു. കിടക്കക്കുള്ളിൽ പരിശോധന നടത്തി. എന്റെ ഭർത്താവിനെ അവർ ക്രൂരമായി മർദിച്ചു. 12 വയസുള്ള ഞങ്ങളുടെ മകൾ ഭയന്ന് കരയാൻ തുടങ്ങി. പിതാവിനെ അടിക്കല്ലേ എന്നായിരുന്നു അവളുടെ അപേക്ഷ. എന്നിട്ടും അവർ അടി നിർത്തിയില്ല. മർദനത്തിൽ അദ്ദേഹത്തിന്റെ കാലിന്റെ എല്ല് പൊട്ടി. ഞങ്ങളെല്ലാം പാവങ്ങളാണ്. ഇങ്ങനെയുള്ള മർദനങ്ങൾ സഹിച്ച് എങ്ങനെയാണ് ജീവിക്കുക?-ശാമ പർവീൺ ചോദിച്ചു.
സംഘർഷമുണ്ടായ ദിവസം കല്ലെറിഞ്ഞുവെന്നാരോപിച്ചാണ് പൊലീസ് റുക്സാനയുടെയും ഭർത്താവ് റഹീമിന്റെയും വീട്ടിലെത്തിയത്. എന്നാൽ, അന്നേദിവസം അവിടേക്ക് പോയിട്ടേ ഇല്ലെന്ന് റുക്സാന ആണയിടുന്നു. ''കുറെ പൊലീസുകാരുണ്ടായിരുന്നു. പുറത്തുണ്ടായിരുന്ന വാഹനങ്ങൾ അവർ നശിപ്പിച്ചു. ഞാനും മകളും വീടിനകത്ത് ഖുർആൻ പാരായണം ചെയ്യുകയായിരുന്നു. അവർ എന്റെ ഭർത്താവിനെ പുറത്തേക്ക് വിളിച്ചു. കിടക്കകൾ പുറത്തേക്കെറിഞ്ഞു. അദ്ദേഹത്തെ തല്ലിച്ചതച്ചു. അദ്ദേഹത്തിന്റെ കാല് പൊട്ടി. അവർ അദ്ദേഹത്തെ വലിച്ചിഴച്ച് റോഡിൽ കൊണ്ടിട്ടു.''-റുക്സാന വിവരിച്ചു. സംഘർഷത്തിൽ പൊലീസിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ മുഹമ്മദ് ഷാനവാസ് ചികിത്സയിലാണ്.
സംഘർഷത്തിനു പിന്നാലെ ഫെബ്രുവരി 10ന് ആയിഷയുടെ 23 വയസുള്ള മകൻ അർസലനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫർണിച്ചർ ബിസിനസാണ് അർസലന്. മകനെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചതായി ആയിഷ ആരോപിച്ചു. നാലുദിവസമായി വീട്ടിൽ അടുപ്പ് പുകഞ്ഞിട്ടു. ആരെങ്കിലും ഭക്ഷണം കൊണ്ടുവന്നാൽ കഴിക്കും. ഭർത്താവിന് സുഖമില്ലാത്തതിനാൽ ജോലിക്ക് പോകാനാകില്ല. ഭയംകൊണ്ട് പുറത്തേക്കിറങ്ങാൻ പോലും സാധിക്കുന്നില്ല.-ആയിഷ പറയുന്നു. ഞങ്ങളും ഇന്ത്യയിൽ ജനിച്ചുവളർന്നവരാണ്. എന്ത്കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? മുസ്‍ലിംകളായത് കൊണ്ടാണോ ഞങ്ങളെയിങ്ങനെ വേട്ടയാടുന്നത്?-മറ്റൊരു യുവതിയായ സബ ചോദിക്കുന്നു.
ഈ മാസം എട്ടിനാണ് ഗഫൂർ ബസ്തിയിൽ മദ്റസ തകർത്തത്. പ്രദേശവാസികൾ നമസ്കാരത്തിനുകൂടി ഉപയോഗിച്ചിരുന്ന കെട്ടിടം തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ആറു പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോടതി നിർദ്ദേശപ്രകാരമാണ് മദ്റസ പൊളിക്കാൻ അനുമതി നൽകിയതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അവകാശപ്പെട്ടത്. എന്നാൽ, ജസ്റ്റിസ് പങ്കജ് പുരോഹിത് പുറപ്പെടുവിച്ച ഉത്തരവിൽ അദ്ദേഹത്തിന്റെ ബെഞ്ച് വിഷയം ഫെബ്രുവരി 14 ലേക്ക് പരിഗണിക്കാൻ മാറ്റിവെച്ചു എന്നാണുള്ളത്. ഇതിന് കാത്തു നിൽക്കാതെ കോർപറേഷൻ പൊളിക്കൽ നടപടിയുമായി മുന്നോട്ടുപോയി. സ്റ്റേ ലഭിച്ചിട്ടില്ലെന്ന മുനിസിപ്പൽ കമ്മീഷണർ പങ്കജ് ഉപാധ്യായയുടെ വാദത്തെ സ്ഥലമുടമയായ മാലിക്കിന്റെ അഭിഭാഷകൻ അഹ്രാർ ബെയ്ഗ് വെല്ലുവിളിക്കുകയും കോർപറേഷൻ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 30 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.