ഛത്തീസ്ഗഡിൽ പകുതിയിലേറെ പേർക്കും പൗരത്വം ലഭിക്കില്ല -ഭൂപേഷ് ബാഗൽ
text_fieldsറായ്പൂർ: ദേശീയ പൗരത്വ പട്ടിക ഛത്തീസ്ഗഡിൽ നടപ്പാക്കിയാൽ ഭൂമിയില്ലാത്തതിനാലോ ഭൂരേഖ ഇല്ലാത്തതിനാലോ പകുതിയിലേറെ പേർക്കും പൗരത്വം തെളിയിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്രസർക്കാറിെൻറ ദേശീയ പൗരത്വ പട്ടികയേയും പൗരത്വ ഭേദഗതി നിയമത്തേയും ശക്തമായി വിമർശിച്ചത്.
രക്ഷിതാക്കൾ നിരക്ഷരരായതിനാൽ പകുതിയിലേറെ പേരും പൗരത്വം തെളിയിക്കാനാവശ്യമായ യാതൊരു വിധ രേഖകളും കൈവശം വെച്ചിട്ടില്ല. അവർ വിവിധ ഗ്രാമങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും കുടിയേറിയവരായിരുന്നു. അവരെങ്ങനെ 50 മുതൽ നൂറ് വർഷം വരെ പഴക്കമുള്ള രേഖകൾ കൊണ്ടുവരുമെന്ന് അദ്ദേഹം ചോദിച്ചു.
എൻ.ആർ.സി േപാലെ 1906ൽ ആഫ്രിക്കയിൽ ബ്രിട്ടീഷുകാർ നടപ്പാക്കിയ തിരിച്ചറിയൽ പദ്ധതി മാഹാത്മാഗാന്ധി എതിർത്തിരുന്നുവെന്നും അതുപോലെ ദേശീയ പൗരത്വ പട്ടികയെ താൻ എതിർക്കുമെന്നും ഭൂപേഷ് ബാഗൽ പറഞ്ഞു. ദേശീയ പൗരത്വ പട്ടിക നടപ്പാക്കിയാൽ അതിൽ ഒപ്പുവെക്കാത്ത ആദ്യത്തെ വ്യക്തി താൻ ആയിരിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധന സമയത്ത് വരിയിൽ നിൽക്കേണ്ടി വന്നതുപോലെ പൗരത്വ പട്ടിക നടപ്പാക്കിയാൽ പൗരത്വം തെളിയിക്കാൻ ജനങ്ങൾ വരിയിൽ നിൽക്കേണ്ടി വരില്ലേ എന്ന ചോദ്യത്തിന് തീർച്ചയായും വേണ്ടി വരും എന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. നാം ഇന്ത്യക്കാരാണെന്ന് തെളിയിക്കേണ്ടതുണ്ട്. അതിന് സാധിക്കാത്തവരെ എങ്ങനെ ഉൾക്കൊള്ളുമെന്നും അദ്ദേഹം ചോദിച്ചു.
ഛത്തീസ്ഗഡിൽ 2.80 കോടി ജനങ്ങളുണ്ട്. അതിൽ പകുതി പേർക്കും പൗരത്വം തെളിയിക്കാൻ സാധിക്കില്ല. ഇത് അനാവശ്യമായ ഭാരമാണ് ജനങ്ങളിലുണ്ടാക്കുന്നത്. രാജ്യത്തിനകത്തേക്കുള്ള നുഴഞ്ഞു കയറ്റം പരിശോധിക്കാൻ നമുക്ക് അേനകം ഏജൻസികളുണ്ട്. ഈ ഏജൻസികൾക്ക് നുഴഞ്ഞു കയറ്റക്കാർക്കെതിരെ നടപടിയെടുക്കാനാകും. പക്ഷെ കേന്ദ്രത്തിന് എങ്ങനെ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാനാവുമെന്നും അദ്ദേഹം ചോദിച്ചു.
എൻ.ആർ.സിക്ക് പുറമെ എൻ.ഡി.എ സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തേയും ഭൂപേഷ് ബാഗൽ വിമർശിച്ചു. ഇന്ത്യൻ പൗരത്വത്തിന് മതം മാനദണ്ഡമാക്കിയ ആദ്യ നടപടിയാണ് പൗരത്വ ഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.