കോൺഗ്രസിൽ പദവിയിൽ പകുതി പിന്നാക്കക്കാർക്ക്
text_fieldsഉദയ്പുർ (രാജസ്ഥാൻ): പാർട്ടി പദവികളിൽ പകുതി പിന്നാക്ക വിഭാഗങ്ങളിൽപെട്ടവർക്കായി നീക്കിവെക്കാനൊരുങ്ങി കോൺഗ്രസ്. എല്ലാ തലത്തിലുമുള്ള സംഘടന പദവികളിൽ 50 ശതമാനം പട്ടികജാതി, പട്ടിക വർഗ, ന്യൂനപക്ഷ, മറ്റു പിന്നാക്ക വിഭാഗങ്ങൾക്കായി (ഒ.ബി.സി) നീക്കിവെക്കാൻ ഉദ്ദേശിക്കുന്നതായി കോൺഗ്രസ് പ്രഖ്യാപിച്ചു. നിലവിൽ ഇത് 20 ശതമാനം വരെയാണ്. സാമൂഹിക നീതിയും ശാക്തീകരണവും മുൻനിർത്തിയുള്ള പരിഷ്കാരം നവസങ്കൽപ് ശിബിരത്തിലെ ഉപസമിതി ചർച്ചയിൽ അംഗീകരിച്ചതായി പാർട്ടി നേതാവ് കെ. രാജു വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തി. ഞായറാഴ്ച നടക്കുന്ന പ്രവർത്തക സമിതി അംഗീകരിക്കുന്നമുറക്ക് ഔപചാരിക പ്രഖ്യാപനമുണ്ടാകും.
സാമൂഹിക നീതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോൺഗ്രസ് അധ്യക്ഷയെ സഹായിക്കാൻ ഉപദേശക സമിതി രൂപവത്കരിക്കാനും നിർദേശമുണ്ട്. ദുർബല വിഭാഗങ്ങളുടെ വിഷയം ചർച്ച ചെയ്യാൻ ആറു മാസത്തിലൊരിക്കൽ പ്രവർത്തക സമിതിയുടെ പ്രത്യേക സമ്മേളനം വിളിക്കുമെന്നും കെ. രാജു പറഞ്ഞു. ജാതി തിരിച്ച് സെൻസസ് നടക്കണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ടുവെക്കും.
സ്വകാര്യ മേഖലയിൽ പട്ടിക വിഭാഗങ്ങൾക്കും ഒ.ബി.സി വിഭാഗങ്ങൾക്കും സംവരണം കൊണ്ടുവരണം. വനിത സംവരണ ബില്ലിൽ പട്ടികവിഭാഗ വനിതകൾക്കായി പ്രത്യേക വ്യവസ്ഥവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടും. കാർഷികോൽപന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കി നിയമനിർമാണം വേണം. വിള ഇൻഷുറൻസ് നടത്തിപ്പ് ഫലപ്രദമാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
ഞായറാഴ്ച ഉദയ്പുർ പ്രഖ്യാപനത്തോടെയാണ് നവസങ്കൽപ് ശിബിരം സമാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.